കോഴിക്കോട്: സമസ്ത നേതാവ് ഉമര് ഫൈസി മുക്കത്തെ കടന്നാക്രമിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ഇടതുപക്ഷത്തിന്റെ തിട്ടൂരം വാങ്ങി മുസ്ലിം ഉമ്മത്തിന്റെ ഐക്യം നശിപ്പിക്കാന് ഇറങ്ങിയാല് നോക്കി നില്ക്കില്ലെന്നും ഷാഫി ചാലിയം റിപ്പോര്ട്ടറിനോട് പറഞ്ഞു. ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും പൈതൃകമാണ് സമസ്തയുടെയും പൈതൃകമെന്നും അദ്ദേഹം പറഞ്ഞു.
'ഉമര് ഫൈസി മുക്കത്തിന് സമസ്ത മുശാവറയില് ഇരിക്കാനുള്ള യോഗ്യതയില്ല. എടുത്തു പുറത്ത് കളയണം. ഉമര് ഫൈസി മുക്കത്തിനെതിരെ നടപടിയെടുത്തിട്ടില്ലെങ്കില് മുസ്ലിം ലീഗിലെയും സമസ്തയിലെയും പ്രവര്ത്തകര് ഏത് രീതിയിലാണ് പെരുമാറുക എന്ന് പറയാന് കഴിയില്ല. ക്ഷമയ്ക്ക് പരിധിയുണ്ടെന്ന് സമസ്തയിലെ ഉസ്താദുമാര് മനസിലാക്കണം. സമസ്തയിലെ പണ്ഡിതന്മാര് ഇടപെട്ട് ഇയാള്ക്കെതിരെ നടപടി സ്വീകരിക്കണം', ഷാഫി ചാലിയം പറഞ്ഞു.
എന്നാല് ഷാഫി ചാലിയത്തിന്റെ വിമര്ശനത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ഉമര് ഫൈസി മുക്കത്തിന്റെ പ്രതികരണം. സമൂഹമാധ്യമങ്ങളില് പലരും ആഘോഷിക്കുന്നുണ്ടാവുമെന്നും ശാസിച്ച വിവരം അറിയില്ലെന്നും ഉമര് ഫൈസി മുക്കം വ്യക്തമാക്കി. തനിക്ക് കത്തോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നും ഉമര് ഫൈസി മുക്കം കൂട്ടിച്ചേര്ത്തു.
അതേസമയം താന് പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് ഉമര് ഫൈസി മുക്കം പറഞ്ഞു. അവരെ മഹത്വവല്ക്കരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ബാഫഖി തങ്ങള് മഹാനായ വ്യക്തിയാണ്. പൈതൃകത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും പൈതൃകത്തെ കുറിച്ച് പറയരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഉമര് ഫൈസി മുക്കം കൂട്ടിച്ചേര്ത്തു. സാദിഖലി തങ്ങളെ വിമര്ശിച്ച ഉമര് ഫൈസിയെ സമസ്ത ശാസിച്ചുവെന്ന റിപ്പോര്ട്ടുണ്ടായിരുന്നു. പിന്നാലെയായിരുന്നു ഷാഫി ചാലിയത്തിന്റെയും ഉമര് ഫൈസിയുടെയും പ്രതികരണങ്ങള്.
Content Highlights: Muslim League leader Shafi Chaliyam against Umar Faizy Mukkam