അടിമാലി: മുതിര്ന്ന സിപിഐഎം നേതാവ് എം എം മണിയുടെ ഭീഷണി പ്രസംഗത്തില് പ്രതികരണവുമായി സിപിഐഎം വിട്ട് ബിജെപിയില് ചേര്ന്ന എസ് രാജേന്ദ്രന്. എം എം മണിയുടെ പ്രതികരണത്തെ നാടന് ഭാഷയിലുള്ള പ്രതികരണമായി മാത്രം കാണുന്നില്ലെന്ന് എസ് രാജേന്ദ്രന് പറഞ്ഞു. എം എം മണി ഇങ്ങനെ പറയാന് കാരണം ചില നേതാക്കളാണ്. ഭീഷണി പരാമര്ശത്തില് നിയമനടപടിയെ കുറിച്ച് ഇപ്പോള് ആലോചിക്കുന്നില്ല. തനിക്ക് മരണത്തെ ഭയമില്ലെന്നും എസ് രാജേന്ദ്രന് വ്യക്തമാക്കി. റിപ്പോര്ട്ടറിനോടായിരുന്നു രാജേന്ദ്രന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം മൂന്നാറില് നടന്ന പൊതുയോഗത്തിലായിരുന്നു എസ് രാജേന്ദ്രനെതിരായ എം എം മണിയുടെ ഭീഷണി പ്രസംഗം. പാര്ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നായിരുന്നു എം എം മണി പറഞ്ഞത്. പാര്ട്ടിയെ വെല്ലുവിളിച്ചാല് എന്ത് ചെയ്യണമെന്ന് അറിയാമെന്നും തന്റെ ഭാഷയില് തീര്ത്ത് കളയുമെന്നും എം എം മണി പറഞ്ഞു. ഒരു പ്രത്യേക ആംഗ്യവും എം എം മണി കാണിച്ചിരുന്നു.
എംഎല്എ സ്ഥാനം ഉള്പ്പെടെ പലതും പാര്ട്ടി എസ് രാജേന്ദ്രന് നല്കിയിട്ടുണ്ട്. പാര്ട്ടിയെ വെല്ലുവിളിക്കുന്നത് ആരായാലും അതിനി താനായാലും തല്ലിക്കൊല്ലണം. രാജേന്ദ്രന് ആര്എസ്എസിലോ ബിജെപിയിലോ ഏത് പൂനായില് ചേര്ന്നാലും സിപിഐഎമ്മിന് ഒരു 'കോപ്പുമില്ല'. ഉണ്ട ചോറിന് നന്ദി കാണിക്കണം. രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവന് പെന്ഷന് മേടിച്ച് ഞണ്ണാം. രാജേന്ദ്രന് ചത്തുപോയാല് ഭാര്യയ്ക്ക് പെന്ഷന് കിട്ടുമെന്നും എം എം മണി പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു എസ് രാജേന്ദ്രന് സിപിഐഎം വിട്ട് ബിജെപി പാളയത്തില് എത്തിയത്. കാലങ്ങളായി പ്രവര്ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില് വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിര്ന്നതെന്ന് രാജേന്ദ്രന് പറഞ്ഞിരുന്നു. ദീര്ഘകാല രാഷ്ട്രീയ പ്രവര്ത്തകനായിരുന്ന താന് കഴിഞ്ഞ നാലഞ്ച് വര്ഷമായി പാർട്ടി പ്രവര്ത്തനത്തില് ഉണ്ടായിരുന്നില്ല. എന്നാല് പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവില് വളരെയധികം മാനസിക പ്രശ്നങ്ങള് നേരിട്ടിരുന്നുവെന്നും രാജേന്ദ്രന് വ്യക്തമാക്കിയിരുന്നു.
മൂന്ന് ടേമിലായി 15 വര്ഷം സിപിഐഎമ്മിന്റെ ദേവികുളം എംഎല്എയായിരുന്നു എസ് രാജേന്ദ്രന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന എ രാജയെ തോല്പിക്കാന് ശ്രമിച്ചുവെന്ന് ആരോപിച്ച് പാര്ട്ടിയില് നിന്ന് രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നില്ക്കുകയായിരുന്നു. സസ്പെന്ഷന് കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്ട്ടിയില് പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു. ഇതോടെയാണ് രാജേന്ദ്രന് ബിജെപിയോട് അടുത്തത്.
Content Highlights- Senior CPI(M) leader M M Mani’s threat speech drew a response from S Rajendran, a former CPI(M) leader who recently joined the BJP