കോഴിക്കോട്: ലിന്റോ ജോസഫ് എംഎല്എയെ സോഷ്യല് മീഡിയയിലൂടെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തില് ഒത്തുതീര്പ്പ്. വ്യക്തി അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ക്ഷമ ചോദിച്ച സാഹചര്യത്തില് പരാതി പിന്വലിക്കുന്നതായി ലിന്റോ ജോസഫ് പറഞ്ഞു.
ഇന്ന് രാവിലെ അസ്ലമിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയില് എടുത്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് ലിന്റോ ജോസഫിനെ സ്റ്റേഷനിലേക്ക് വിളിച്ചു. തുടര്ന്ന് ലിന്റോ സ്റ്റേഷനില് എത്തുകയും അസ്ലം ക്ഷമ ചോദിക്കുകയുമായിരുന്നു. അസ്ലമിന് തെറ്റ് ബോധ്യപ്പെട്ടതായി ലിന്റോ ജോസഫ് പ്രതികരിച്ചു. തിരുത്താനുള്ള സന്മനസ് അസ്ലം കാണിച്ചു. തെറ്റ് പറ്റിയാല് തിരുത്തുകയാണ് വേണ്ടത്. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി. പ്രശ്നം അവസാനിപ്പിച്ച് ചായ കുടിച്ചാണ് ലിന്റോയും അസ്ലവും പിരിഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവമ്പാടി എംഎല്എ ലിന്റോ ജോസഫിനെതിരെ ലീഗ് അനുഭാവിയായ അസ്ലം മുഹമ്മദ് അധിക്ഷേപ പരാമര്ശം നടത്തിയത്. ലിന്റോ ജോസഫിന്റെ ശാരീരിക പരിമിതികളെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പരാമര്ശം. ഫേസ്ബുക്കിലിട്ട ഒരു കമന്റിലൂടെയായിരുന്നു അധിക്ഷേപം. ഇതിനെതിരെ വ്യാപക വിമര്ശനം ഉയര്ന്നിരുന്നു. സംഭവത്തില് പ്രതികരിച്ച് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി പൊലീസില് പരാതി നല്കുകയായിരുന്നു.
ലിന്റോയുടെ കാലിനല്ല വൈകല്യമെന്നും മറിച്ച് സഹജീവിയുടെ വേദന സ്വജീവനേക്കാള് വലുതാണെന്ന് കരുതിയ ഒരു നിസ്വാര്ത്ഥ പൊതുപ്രവര്ത്തകനെ പരിഹസിക്കുന്ന നിങ്ങളുടെ മനസിനാണ് വൈകല്യമെന്നുമായിരുന്നു എ എ റഹീം എംപി പ്രതികരിച്ചത്. പരിഹാസങ്ങളില് പതറാതെ പോരാട്ടത്തിന്റെ കരുത്തുമായി ലിന്റോ ജനങ്ങള്ക്കിടയില് തന്നെയുണ്ടാകുമെന്നും നിങ്ങളോട് സഹതപിക്കാനേ തങ്ങള്ക്ക് കഴിയുകയുള്ളൂവെന്നും എ എ റഹീം പറഞ്ഞിരുന്നു. അപരസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ലിന്റോയെന്നും മുസ്ലിം ലീഗിന്റെ വേട്ടമൃഗങ്ങളുടെ അധിക്ഷേപത്തില് കെട്ട് പോകുന്ന വെളിച്ചമല്ലെന്നുമായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞത്. സംഭവത്തില് പ്രതികരിച്ച് ലിന്റോ ജോസഫ് തന്നെ രംഗത്തെത്തിയിരുന്നു. നാടിന് വേണ്ടി എന്ത് ചെയ്യാന് കഴിയുമെന്നതിലാണ് ശ്രദ്ധയെന്നും അധിക്ഷേപ കമന്റുകള് കാര്യമാക്കുന്നില്ലെന്നുമായിരുന്നു ലിന്റോ ജോസഫ് പറഞ്ഞത്.
Content Highlights- A case concerning alleged personal abuse of Linto Joseph MLA through social media has been resolved through a mutual compromise