കണ്ണൂര്: പുറത്താക്കലിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും കണ്ണൂരില് പ്രകടനം. പാര്ട്ടി ഫണ്ട് മുക്കിയവര്ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല എന്നീ മുദ്രാവാക്യങ്ങള് ഉയര്ത്തിയാണ് പ്രകടനം. വെള്ളൂരിലാണ് പ്രകടനം നടത്തിയത്. ഇവര് കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു. കണ്ണൂര് ജില്ലാസെക്രട്ടറി കെ കെ രാഗേഷ് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് വി കുഞ്ഞികൃഷ്ണനെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്നും പുറത്താക്കിയത് ഔദ്യോഗികമായി അറിയിച്ചത്. യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന് ഇപ്പോഴുളളതെന്നും പാര്ട്ടിയെ പിന്നില് നിന്നും കുത്തിയെന്നും വഞ്ചിച്ചെന്നും കെ കെ രാഗേഷ് പറഞ്ഞു.
പുറത്താക്കലിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെതിരെ പാര്ട്ടി പ്രവര്ത്തകര് അദ്ദേഹത്തിന്റെ വീടിന് മുന്നില് പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് കുഞ്ഞികൃഷ്ണന് വീട്ടിലുണ്ടായിരുന്നില്ല.
ഇന്ന് ചേര്ന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വി കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയത്. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കുഞ്ഞികൃഷ്ണന് കടുത്ത അച്ചടക്കലംഘനം നടത്തിയെന്നും പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില് തുടര്ച്ചയായി പ്രസ്താവനകള് നടത്തിയെന്നും നേതാക്കള് പ്രതികരിച്ചിരുന്നു.
ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്ശനമായിരുന്നു ഉയര്ന്നത്. മാധ്യമങ്ങള്ക്ക് മുന്നില് നടന്ന തുറന്നുപറച്ചില് പാര്ട്ടിയെ അപമാനിക്കാന് ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള് ആരോപിച്ചു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
Content Highlights: Demonstration in support of V Kunhikrishnan At kannur