വി എസിന് പത്മവിഭൂഷണ്‍ നൽകിയതിനെ സ്വാഗതം ചെയ്ത് സിപിഐഎം; പാർട്ടിക്ക് സന്തോഷമെന്ന് സംസ്ഥാന നേതൃത്വം

പുരസ്‌കാരം സ്വീകരിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നാണ് വി എസിന്‍റെ മകൻ വി എസ് അരുൺ കുമാർ പറഞ്ഞത്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷന്‍ നല്‍കിയതിനെ സ്വാഗതം ചെയ്ത് സിപിഐഎം. വി എസിന് പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം പറഞ്ഞു. പുരസ്‌കാരം വി എസിന്റെ കുടുംബത്തിന് സ്വീകരിക്കാം. മുന്‍കാലങ്ങളില്‍ പുരസ്‌കാരങ്ങള്‍ നിരസിച്ചത് മറ്റൊരു സാഹചര്യത്തില്‍ ആയിരുന്നുവെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി.

അതേസമയം, അച്ഛന് ലഭിച്ച അംഗീകരാത്തില്‍ സന്തോഷമുണ്ടെന്ന് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മകന്‍ എന്ന നിലയില്‍ ഇത് അഭിമാന നിമിഷമാണെന്നും ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലുതെന്നും അരുണ്‍ കുമാര്‍ പ്രതികരിച്ചു. വി എസ് എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവാണ്. പുരസ്‌കാരം സ്വീകരിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. പ്രഖ്യാപനം വന്നതേയുള്ളു. തീരുമാനമെടുക്കാന്‍ സമയമായില്ല. ചര്‍ച്ച നടത്തി ആലോചിച്ച് തീരുമാനമെടുക്കും. രാഷ്ട്രീയ വിശകലനങ്ങള്‍ പിന്നീട് നടത്താം. എല്ലാത്തരം ആദരവുകളെയും സന്തോഷത്തോടെ കാണുന്നുവെന്നും വി എ അരുണ്‍കുമാര്‍ പറഞ്ഞു.

മുന്‍പ് പത്മ പുരസ്‌കാരങ്ങള്‍ സിപിഐഎം നേതാക്കള്‍ സ്വീകരിച്ചിരുന്നില്ല. 1992 ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷണ്‍ നിരസിച്ചിരുന്നു. 2002 ല്‍ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണ്‍ പുരസ്‌കാരവും 2008ല്‍ ജ്യോതി ബസു ഭാരതരത്നയും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന് പത്മഭൂഷണ്‍ നല്‍കാന്‍ ധാരണയായപ്പോള്‍ തിരസ്‌കരിക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു.

Content Highlight; CPIM welcomes Padma Vibhushan award to VS Achuthanandan

To advertise here,contact us