പത്മവിഭൂഷണ്‍ സ്വീകരിക്കുന്നതില്‍ വി എസിന്റെ കുടുംബം തീരുമാനമെടുക്കട്ടേയെന്ന് സിപിഐഎം നേതൃത്വം

മുമ്പ് പത്മ പുരസ്‌കാരങ്ങള്‍ സിപിഐഎം നേതാക്കള്‍ സ്വീകരിച്ചിരുന്നില്ല

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ ലഭിച്ചത് രാഷ്ട്രീയ ചർച്ചകള്‍ക്ക് ഇടയാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദേശിക്കാതെയാണ് വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചത്. വി എസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കുടുംബം തീരുമാനം എടുക്കട്ടെയെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്.

മുമ്പ് പത്മ പുരസ്‌കാരങ്ങള്‍ സിപിഐഎം നേതാക്കള്‍ സ്വീകരിച്ചിരുന്നില്ല. 1992 ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷണ്‍ നിരസിച്ചിരുന്നു. 2002 ല്‍ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണ്‍ പുരസ്‌കാരവും 2008ല്‍ ജ്യോതി ബസു ഭാരതരത്‌നയും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിന് പത്മഭൂഷണ്‍ നല്‍കാന്‍ ധാരണയായപ്പോള്‍ തിരസ്‌കരിക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു.

പത്മ പോലുള്ള പുരസ്‌കാരങ്ങള്‍ ഭരണകൂട ബഹുമതികള്‍ ആണെന്നാണ് സിപിഐഎം നിലപാട്. അതുകൊണ്ട് തന്നെ വി എസിന് ലഭിച്ച പുരസ്‌കാരം സ്വീകരിക്കണോയെന്നത് വിഎസിന്റെ കുടുംബം തീരുമാനിക്കട്ടേയെന്നാണ് സിപിഐഎം തീരുമാനം. പത്മപുരസ്‌കാരങ്ങള്‍ക്കായി കേരളം നല്‍കിയ പട്ടികയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരും ഉണ്ടായിരുന്നില്ല. എന്നാല്‍ നടന്‍ മമ്മൂട്ടിയുടെ പേര് ഇടം നേടിയിരുന്നു. മമ്മൂട്ടിയുടെ പേര് കഴിഞ്ഞ തവണയും കേരളം ശുപാര്‍ശ ചെയ്തിരുന്നു.

അതേസമയം, മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കല്‍ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണനും പത്മവിഭൂഷണ്‍ ലഭിച്ചു. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആര്‍ കൃഷ്ണന് മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. ഇന്ത്യയുടെ പ്രൊപ്പല്‍ഷന്‍ ടെക്‌നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എ ഇ മുത്തുനായകത്തിന് പത്മശ്രീ ലഭിച്ചു.

Content Highlights: Cpim leadership decided that V S Achuthanandan s family can decide accepting Pathvibhooshan

To advertise here,contact us