ആശുപത്രി പൂട്ടി ഡോക്ടറുള്‍പ്പെടെ കല്യാണത്തിന് പോയ സംഭവം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍

പ്രാഥമിക പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചതായി തഹസില്‍ദാര്‍ കണ്ടെത്തി

കൊല്ലം: അഞ്ചലില്‍ ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. പുനലൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അറ്റന്‍ഡന്‍സ് രജിസ്റ്ററുള്‍പ്പെടെ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചതായി തഹസില്‍ദാര്‍ കണ്ടെത്തി. ജില്ലാ കളക്ടര്‍ക്ക് തഹസില്‍ദാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. അഞ്ചലിലെ ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറും  ജീവനക്കാരുമാണ് ആശുപത്രി അടച്ചിട്ട് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാര്‍ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ഒടുവില്‍ ജീവനക്കാരന്‍ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചികിത്സ വൈകി രോഗി മരിച്ചതിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് കൊല്ലത്ത് ആശുപത്രി അടച്ചുള്ള ഡോക്ടറുടെയും ജീവനക്കാരുടെയും യാത്ര വിവാദമായത്. തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടര്‍ന്ന് വിളപ്പില്‍ശാല സ്വദേശിയായ ബിസ്മീര്‍(37) മരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ഏറെ വൈകിയാണ് ബിസ്മീറിനും ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നാണ് ആരോപണം.

അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ഡോക്ടര്‍ വന്ന് പരിശോധിക്കുമ്പോള്‍ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ഡോക്ടര്‍ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബിസ്മീര്‍ മരിച്ചിരുന്നു.

Content Highlights: Collector orders investigation ondoctor and staff closing down hosptial and going to a wedding incident

To advertise here,contact us