ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: അസ്വാഭാവിക മരണത്തിന് കേസ്, അന്വേഷണം തുടങ്ങി

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ കേസ് എടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് ബിസ്മീർ മരിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകളുടെ തീരുമാനം. വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഇരു സംഘടനകളും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടര്‍ന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീര്‍(37) മരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്. ഏറെ വൈകിയാണ് ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നും കുടുംബം പറഞ്ഞിരുന്നു. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ഡോക്ടര്‍ വന്ന് പരിശോധിക്കുമ്പോള്‍ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയാണ് ഡോക്ടര്‍ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

ആശുപത്രിയില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി ബിസ്മീറിന്റെ ഭാര്യ ജാസ്മിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ബിസ്മീറുമായി ചെല്ലുമ്പോള്‍ ഡോക്ടറും നഴ്‌സും ഉറക്കത്തിലായിരുന്നു. ഭര്‍ത്താവിന്റെ നിലവിളി കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരന്‍ എത്തിയത്. വാതില്‍ തുറന്ന് ഡോക്ടര്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് കുഴഞ്ഞുവീണു. മരുന്ന് പോലും ഒഴിക്കാതെ ആവി പിടിക്കാന്‍ നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ആംബുലന്‍സില്‍ ഒപ്പം വരാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ഭർത്താവിൻ്റെ മരണത്തിൽ ആശുപത്രി അധികൃതർ മാത്രമാണ് ഉത്തരവാദിയെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും ജാസ്മിൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇടപെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു.

Content Highlight; Allegations of medical malpractice against Vilappilsala Hospital; Case filed for unnatural death, police begin investigation

To advertise here,contact us