'അച്ഛനെ സംബന്ധിച്ച് നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി'

'കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യന്‍ നടന്നുകയറിയത് പുരസ്‌കാരങ്ങള്‍ ലക്ഷ്യം വെച്ചല്ല, മറിച്ച് താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്'

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ പ്രതികരിച്ച് മകന്‍ വി എ അരുണ്‍ കുമാര്‍. അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതിയെന്നും കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യന്‍ നടന്നുകയറിയത് പുരസ്‌കാരങ്ങള്‍ ലക്ഷ്യം വെച്ചല്ല, മറിച്ച് താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു. 'അച്ഛനും അംഗീകാരങ്ങളും; ജനഹൃദയങ്ങളിലെ 'പത്മ'പുരസ്‌കാരം' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഒരു മകന്‍ എന്ന നിലയില്‍ അച്ഛന്റെ ദശാബ്ദങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന ഈ ആദരത്തില്‍ വലിയ അഭിമാനമുണ്ടെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ കനല്‍വഴികളിലൂടെ നടന്നുതുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മര്‍ദ്ദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങള്‍ക്കൊന്നും അദ്ദേഹം ഒരു പുരസ്‌കാരവും പ്രതീക്ഷിച്ചിരുന്നില്ലെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു.

ഒരു രാഷ്ട്രം നല്‍കുന്ന അംഗീകാരം എന്ന നിലയില്‍ പത്മവിഭൂഷണ്‍ എന്നത് വലിയൊരു പുരസ്‌കാരം തന്നെയാണ്. ആ പുരസ്‌കാര ലബ്ധിയില്‍ തങ്ങളുടെ കുടുംബം അതീവ സന്തുഷ്ടരാണ്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു പുരസ്‌കാരം പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങള്‍ അച്ഛന് നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹവും വിശ്വാസവുമാണ്. അതാണ് അച്ഛന്റെ യഥാര്‍ത്ഥ 'പത്മം' എന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അച്ഛനും അംഗീകാരങ്ങളും; ജനഹൃദയങ്ങളിലെ 'പത്മ'പുരസ്‌കാരം.

അച്ഛന് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. ഒരു മകന്‍ എന്ന നിലയില്‍, അച്ഛന്റെ ദശാബ്ദങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന ഈ ആദരത്തില്‍ വലിയ അഭിമാനമുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ കനല്‍വഴികളിലൂടെ നടന്നു തുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മര്‍ദ്ദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങള്‍ക്കൊന്നും അദ്ദേഹം ഒരു പുരസ്‌കാരവും പ്രതീക്ഷിച്ചിരുന്നില്ല.

അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യന്‍ നടന്നുകയറിയത് പുരസ്‌കാരങ്ങള്‍ ലക്ഷ്യം വെച്ചല്ല, മറിച്ച് താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്. ഈ ആദരത്തെ ജനങ്ങള്‍ അച്ഛന് നല്‍കുന്ന സ്‌നേഹമായി കാണുന്നു. എന്നാല്‍, ഒരു രാഷ്ട്രം നല്‍കുന്ന അംഗീകാരം എന്ന നിലയില്‍ പത്മവിഭൂഷണ്‍ എന്നത് വലിയൊരു പുരസ്‌കാരം തന്നെയാണ്. ആ പുരസ്‌കാര ലബ്ധിയില്‍ ഞങ്ങളുടെ കുടുംബം അതീവ സന്തുഷ്ടരാണ്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു പുരസ്‌കാരം പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങള്‍ അച്ഛന് നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹവും വിശ്വാസവുമാണ്. അതാണ് അച്ഛന്റെ യഥാര്‍ത്ഥ 'പത്മം'

Content Highlights- V A Arun Kumar responded to the Padma Vibhushan being awarded to his father, veteran leader and former chief minister V S Achuthanandan.

To advertise here,contact us