കണ്ണൂര്: നേതാക്കള് ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് ഉപയോഗിക്കുന്നതെന്ന് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന്. തന്നെ കുറ്റക്കാരനാക്കാനാണ് ശ്രമം. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് തന്റെ പക്കല് കൃത്യമായ തെളിവുണ്ട്. അത് പുറത്തുവിടണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്നാല് ചില കാര്യങ്ങള് പറയാന് സാധിക്കും. ധനരാജിന്റെ വീടിനായി മുപ്പത്തിനാലേകാല് ലക്ഷം രൂപ ചെലവഴിച്ചു എന്നാണ് പറയുന്നത്. അതില് ചില സംശയങ്ങളുണ്ടെന്നും വി കുഞ്ഞികൃഷ്ണന് പറഞ്ഞു. റിപ്പോര്ട്ടറിനോടായിരുന്നു വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട ചെക്ക് പരിശോധിച്ചപ്പോള് ഇരുപത്തിയൊന്പതേ കാല് ലക്ഷം രൂപ ഡെബിറ്റ് ചെയ്ത് കോണ്ട്രാക്ടറുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായി വ്യക്തമായി. ഇതേ അക്കൗണ്ടില് നിന്ന് അഞ്ച് ലക്ഷം രൂപ ഡെബിറ്റ് ചെയ്ത് സിപിഐഎം ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായും കണ്ടെത്തി. അത് ഒരു കണക്കിലും പെടുത്തിയിട്ടില്ല. ഇതിന് പുറമേ ഒരു രണ്ട് ലക്ഷം രൂപയുടെ കണക്കും കാണാം. ഇത് എന്തിന് ചെലവഴിച്ചു എന്ന് വ്യക്തമല്ല. ആ ഇടപാട് നടന്നിരിക്കുന്നതും ചെക്ക് വഴിയാണ്. ചെക്ക് പരിശോധിച്ചപ്പോള് അന്നത്തെ ഏരിയാ സെക്രട്ടറിയുടെ പേഴ്സണല് അക്കൗണ്ടിലേക്കാണ് ക്രെഡിറ്റായതെന്ന് മനസിലായി. അത് പിന്നീട് പിന്വലിക്കുകയും ചെയ്തിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണന് പറഞ്ഞു.
2022ലാണ് ധനരാജ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ചിലര്ക്കെതിരെ നടപടിയെടുത്തുകൊണ്ടുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം വരുന്നത്. ആ സമയം താന് ജില്ലാ കമ്മിറ്റി അംഗമല്ല. ജില്ലാ കമ്മിറ്റിയില് ഇല്ലാത്ത ഒരാള് എങ്ങനെയാണ് തെറ്റ് ഏറ്റ് പറഞ്ഞു എന്ന് പറയുകയെന്ന് കുഞ്ഞികൃഷ്ണന് ചോദിച്ചു.പാര്ട്ടിയുടെ അന്വേഷണ റിപ്പോര്ട്ട് താന് അംഗീകരിച്ചു എന്ന് പറയുന്നത് കളവാണ്. തന്നെ കുറ്റക്കാരനാക്കികൊണ്ടുള്ള വിശദീകരണം അംഗീകരിക്കാന് കഴിയില്ലെന്നും യോഗം കഴിയുന്നതുവരെ പാര്ട്ടി പ്രവര്ത്തനം അവസാനിപ്പിക്കുന്നു എന്നുമാണ് താന് പറഞ്ഞത്. എട്ട് മാസം പാര്ട്ടി പ്രവര്ത്തനത്തില് നിന്ന് താന് മാറി നില്ക്കുകയാണ് ചെയ്തതെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു. വാദിയെ പ്രതിയാക്കാനാണ് പാര്ട്ടി കമ്മീഷന്. പരാതി കൊടുത്താല് പരാതി കൊടുത്തയാളെ കുറ്റവാളിയാക്കാനാണ് ശ്രമിക്കുന്നത്. മെറിറ്റല്ല, വ്യക്തികളാണ് കമ്മീഷനുകള്ക്ക് പ്രധാനം. മനു തോമസിന് പാര്ട്ടിയില് നിന്ന് പുറത്തുപോകേണ്ടിവന്നതും ഒരു കമ്മീഷന്റെ കണ്ടെത്തല് കൊണ്ടാണെന്നും കുഞ്ഞികൃഷ്ണന് ചൂണ്ടിക്കാട്ടി.
ഒരു നയാ പൈസപോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പാര്ട്ടി പറയുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന് ഉപയോഗിച്ച രസീറ്റ് ഇതുവരെ പൂര്ണമായി തിരിച്ചുവന്നിട്ടില്ല. അത് തിരിച്ചുവരാതെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് എങ്ങനെ പറയാന് പറ്റുമെന്ന് കുഞ്ഞികൃഷ്ണന് ചോദിച്ചു. എം വി ജയരാജന് പറയുന്നത് ശരിയല്ല. നാല് വര്ഷമായി താന് ഇക്കാര്യങ്ങള് പാര്ട്ടിക്കുള്ളില് പറയുകയാണ്. യാതൊരു ഫലവുമില്ലാത്തതിനാലാണ് തുറന്നുപറഞ്ഞത്. അത് പിന്നെ എങ്ങനെയാണ് പാര്ട്ടിയെ തകര്ക്കലാകുകയെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
Content Highlights- V Kunjikrishnan accused party leaders of adopting propaganda tactics and alleged that the party commission is attempting to portray a complainant as an accused