തിരുവനന്തപുരം : ശബരിമല സ്വര്ണക്കൊള്ള കേസില് എസ്ഐടിക്ക് കത്തയച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ടാണ് ഇ ഡി കത്തയച്ചത്. വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെടുമെന്നും ഇ ഡി അറിയിച്ചു. എന്നാൽ ഇഡിയുടെ ആവശ്യത്തില് നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്ഐടി ഇഡിക്ക് നൽകേണ്ടത്. എസ്പി എസ് ശശിധരൻ നേരിട്ടാണ് നിർണായക മൊഴി വിവരങ്ങൾ സൂക്ഷിക്കുന്നത് .
അതേസമയം ശബരിമല സ്വര്ണക്കൊള്ളയിൽ ഇതുവരെ കുറ്റപത്രം നൽകാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ കഴിയാത്തതാണ് കുറ്റപത്രം സമർപ്പിക്കാൻ പ്രതിസന്ധിയായത്. ഫെബ്രുവരി 1 ന് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ പ്രധാന പ്രതികൾക്ക് അടക്കം ജാമ്യം ലഭിക്കുന്ന സഹചര്യം ഉണ്ടാകും.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവപ്രശ്നം മറയാക്കിയെന്ന് തന്നെയാണ് എസ്ഐടിയുടെ കണ്ടെത്തൽ. 2018 ലെ ദേവപ്രശ്നം മറയാക്കിയെന്നാണ് നിഗമനം. പത്തോളം ദൈവജ്ഞരുടെ മൊഴിയെടുക്കാനാണ് എസ്ഐടിയുടെ നീക്കം. ആറാട്ടുത്സവത്തിന് ആനയിടഞ്ഞതിന് ശേഷമാണ് ദേവപ്രശ്നം നടത്തിയത്. ദേവപ്രശ്നം സ്വാഭാവികമായുണ്ടായെങ്കിലും പിന്നീട് മറയാക്കിയെന്ന് വിവരം. പൊന്നമ്പലമേട്ടിൽ ക്ഷേത്രം പണിയണമെന്ന ആവശ്യവും ഉയർന്നെന്നും കണ്ടെത്തൽ. ഇതാരുടെ ആവശ്യമെന്നതിൽ കൂടുതൽ പരിശോധന നടത്തും. അന്നുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കും.
കേസില് ദേവസ്വം ബോര്ഡ് മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബുവിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് മുരാരി ബാബുവിന് ഇ ഡി ഉടന് സമന്സ് അയയ്ക്കും. മുരാരി ബാബുവിന്റെ സ്വത്തുക്കള് കണ്ടുകെട്ടാനുള്ള നടപടികള് തുടങ്ങിയിരിക്കെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം. സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി രജിസ്റ്റര് ചെയ്ത കേസുകളില് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇ ഡി നീക്കമെന്നതും ശ്രദ്ധേയമാണ്.
നേരത്തേ ദ്വാരപാലക ശില്പത്തിലെ പാളികള് ചെമ്പാണെന്ന് മുരാരി ബാബു രേഖപ്പെടുത്തിയതിന്റെ നിര്ണായക രേഖകള് റെയ്ഡിനിടെ ഇ ഡിക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി രജിസ്റ്റര് ചെയ്ത കേസുകളില് മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്. ദ്വാരപാലക ശില്പത്തിന്റെയും ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും സ്വര്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്ത രണ്ട് കേസുകളിലായായിരുന്നു മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്. കേസ് രജിസ്റ്റര് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മുരാരി ബാബുവിന് കൊല്ലം വിജിലന്സ് കോടതി ജാമ്യം അനുവദിച്ചത്. കര്ശന വ്യവസ്ഥകളായിരുന്നു കോടതി മുന്നോട്ടുവെച്ചത്. റാന്നി കോടതി പരിധിയില് പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര് ആവശ്യപ്പെടുമ്പോള് ഹാജരാകണം, തെളിവുകള് ഹാജരാകണം തുടങ്ങിയവയായിരുന്നു ജാമ്യ വ്യവസ്ഥകള്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയോടെ മുരാരി ബാബു ജയില് മോചിതനായി
Content Highlight : In the Sabarimala gold robbery case, the Enforcement Directorate (ED) has formally written to the Special Investigation Team (SIT) seeking certified copies of the statements recorded from the accused