തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും ജാഥ നയിച്ച് വോട്ടർമ്മാരെ സമീപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ നടത്താൻ എൽഡിഎഫ് തീരുമാനം. മൂന്ന് ദിവസം നീളുന്ന വാഹന പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. എൽഡിഎഫ് എംഎൽഎമാർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ അതത് എംഎൽഎമാർ തന്നെ ജാഥ നടത്താനാണ് തീരുമാനം. എംഎൽഎമാർ ഇല്ലാത്ത മണ്ഡലത്തിൽ 2021ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാർട്ടിയുടെ മണ്ഡലം നേതൃത്വമാണ് ജാഥ നയിക്കുക. ജാഥാ ക്യാപ്റ്റന് പുറമെ വൈസ് ക്യാപ്റ്റൻ, മാനേജർ പദവികളിൽ ഘടകക്ഷി നേതാക്കളെ പരിഗണിക്കണം എന്നും നിർദ്ദേശവുമുണ്ട്.
എൽഡിഎഫ് മേഖല ജാഥ അവസാനിക്കുന്ന ഫെബ്രുവരി 15ന് മുമ്പ് മണ്ഡലം ജാഥകൾ അവസാനിപ്പിക്കാനാണ് നിർദ്ദേശം. ചിലയിടങ്ങളിൽ മേഖല ജാഥ കടന്ന് പോയതിന് ശേഷമാകും മണ്ഡല ജാഥ. വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ജാഥയുടെ ലക്ഷ്യം.
എൽഡിഎഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വികസന മുന്നേറ്റ ജാഥ നടത്താൻ നേരത്തെ എൽഡിഎഫ് തീരുമാനിച്ചിരുന്നു. മൂന്ന് മേഖലകളായി തിരിച്ച് മൂന്ന് മേഖലാ ജാഥകൾ നടത്താനാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. വടക്കൻ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മധ്യമേഖല ജാഥ കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണിയും തെക്കൻ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് നയിക്കുന്നത്.
വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഫെബ്രുവരി 15ന് പാലക്കാട് ജില്ലയിലെ തരൂരിൽ സമാപിക്കും. മധ്യമേഖല ജാഥ ഫെബ്രുവരി 6ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നിന്ന് ആരംഭിച്ച് ഫെബ്രുവരി 13ന് എറണാകുളത്ത് സമാപിക്കും. തെക്കൻ മേഖല ജാഥ ഫെബ്രുവരി 4ന് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്ന് ആരംഭിച്ച് ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സമാപിക്കും.
Content Highlights: Kerala CM Pinarayi Vijayan to captain LDF's jatha in Dharmadam constituency. The Left Democratic Front decides to organize jathas across all 140 assembly segments to strengthen grassroots connect ahead of upcoming polls. Latest LDF political updates.