ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം: ഇടപെട്ട് ആരോഗ്യമന്ത്രി; റിപ്പോർട്ട് നൽകാൻ നിർദേശം

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: വിളപ്പിൽശാലയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഇടപെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ തിരുവനന്തപുരം ഡിഎംഒ ഓഫീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിക്കാനാണ് തീരുമാനം.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടര്‍ന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീര്‍(37) മരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ഏറെ വൈകിയാണ് ബിസ്മീറിനും ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായത്. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ഡോക്ടര്‍ വന്ന് പരിശോധിക്കുമ്പോള്‍ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയാണ് ഡോക്ടര്‍ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബിസ്മീര്‍ മരിച്ചിരുന്നു.

ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ആശുപത്രിയില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി ബിസ്മീറിന്റെ ഭാര്യ ജാസ്മിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ബിസ്മീറുമായി ചെല്ലുമ്പോള്‍ ഡോക്ടറും നഴ്‌സും ഉറക്കത്തിലായിരുന്നു. ഭര്‍ത്താവിന്റെ നിലവിളി കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരന്‍ എത്തിയത്. വാതില്‍ തുറന്ന് ഡോക്ടര്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് കുഴഞ്ഞുവീണു. മരുന്ന് പോലും ഒഴിക്കാതെ ആവി പിടിക്കാന്‍ നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ആംബുലന്‍സില്‍ ഒപ്പം വരാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ഭർത്താവിൻ്റെ മരണത്തിൽ ആശുപത്രി അധികൃതർ മാത്രമാണ് ഉത്തരവാദിയെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും ജാസ്മിൻ ആവശ്യപ്പെട്ടു. ചികിത്സയ്ക്കായി ആശുപത്രി വരാന്തയില്‍ ഏറെ നേരെ കാത്തിരിക്കുന്ന ബിസ്മീറിന്റെയും ഭാര്യയുടെയും ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ശ്വാസതടസ്സംമൂലം ബുദ്ധിമുട്ടുന്ന ബിസ്മീറിനെ കാണാമായിരുന്നു.

Content Highlights- Minister Veena george ask report on vilappilsala medical negligence issue

To advertise here,contact us