കണ്ണൂര്: സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്ട്ടിയില് നിന്ന് പുറത്താക്കാന് തീരുമാനം. ഇന്ന് ചേര്ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില് ചര്ച്ച ചെയ്ത ശേഷമായിരിക്കും പ്രഖ്യാപനം. ആരോപണ വിധേയനായ ടി മധുസൂദനന് എംഎല്എ ഉള്പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വി കുഞ്ഞികൃഷ്ണന് നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും നേതാക്കള് വിമര്ശിച്ചു. രണ്ട് പാര്ട്ടി കമ്മീഷനുകള് അന്വേഷിച്ചിട്ടും ക്രമക്കേട് കണ്ടെത്തിയില്ല. എന്നിട്ടും പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില് തുടര്ച്ചയായി പ്രസ്താവനകള് നടത്തിയെന്നും സിപിഐഎം നേതാക്കള് പ്രതികരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്ശനമാണ് ഉയര്ന്നത്. മാധ്യമങ്ങള്ക്ക് മുന്നില് നടത്തിയ തുറന്ന് പറച്ചില് പാര്ട്ടിയെ അപമാനിക്കാന് ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള് ആരോപിച്ചു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
പുറത്താക്കൽ നടപടി പ്രതീക്ഷിച്ചതാണെന്ന് വി കുഞ്ഞികൃഷ്ണന് പറഞ്ഞു. പാര്ട്ടിയെ നന്നായി അറിയാമെന്നും തന്റെ പുസ്തകത്തില് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും വി കുഞ്ഞികൃഷ്ണന് പ്രതികരിച്ചു. പാര്ട്ടിക്കകത്ത് നടക്കുന്ന അപചയങ്ങള് സൂചിപ്പിക്കാതെ ഒരു കമ്മ്യൂണിസ്റ്റുകാരന് മുന്നോട്ട് പോകാന് കഴിയില്ല. നടപടിയെടുക്കുന്നത് പുതിയ കാര്യമല്ല. കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കകത്ത് ഒരിക്കലും നടക്കാന് പാടില്ലാത്ത കാര്യം നടന്നതുകൊണ്ടാണ് ആദ്യം പാര്ട്ടിയെ തന്നെ അറിയിച്ചത്. എന്നാല് നിരവധി തവണ ഉന്നയിച്ചിട്ടും കാര്യമുണ്ടായില്ല. അതുകൊണ്ടാണ് ഇക്കാര്യങ്ങള് ജനങ്ങള്ക്ക് മുന്നില് അറിയിച്ചതെന്നും വി കുഞ്ഞികൃഷ്ണന് പറഞ്ഞു.
തന്നെ പാര്ട്ടിയില് നിന്ന് പുറത്താക്കിയാലും അപചയങ്ങള് തുറന്ന് കാണിക്കും. മറ്റൊരു പാര്ട്ടിയിലേക്കും പോകാന് ഉദ്ദേശിക്കുന്നില്ല. തന്റെ പുസ്തകം ഈ മാസം 29ന് പുറത്തിറക്കും. 100 പേജുള്ള പുസ്തകമാണ്. അതില് എല്ലാ കണക്കുകളും കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും വി കുഞ്ഞികൃഷ്ണന് പറഞ്ഞു.
തെരഞ്ഞെടുപ്പില് വിജയിക്കുക എന്നത് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ലക്ഷ്യം. ജയിക്കണമെങ്കില് ആദ്യം പാര്ട്ടി വേണം. ഇത്തരം കാര്യങ്ങള് പരിഹരിച്ച് പോയില്ലെങ്കില് കേരളത്തിലെ പാര്ട്ടിക്ക് ബംഗാളിന്റെ അവസ്ഥയുണ്ടാകും. കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ തകര്ക്കാന് അതിനകത്തുള്ളവര്ക്ക് മാത്രമെ കഴിയൂ. നേതൃത്വം തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്നു. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു.അണികള് ഇക്കാര്യങ്ങളിലെല്ലാം സംതൃപ്തരാണ്. താന് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. ഇനി മത്സരിക്കുകയില്ലെന്നും വി കുഞ്ഞികൃഷ്ണന് കൂട്ടിച്ചേര്ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള് മാത്രം ശേഷിക്കെയാണ് കണ്ണൂരില് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾ. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന് പാര്ട്ടി പിരിച്ച ഫണ്ടില് തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില് 46 ലക്ഷം രൂപ പയ്യന്നൂര് എംഎല്എ ടിഐ മധുസൂദനന് ഉള്പ്പെടെയുള്ളവര് ചേര്ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്ട്ടിക്ക് തെളിവ് നല്കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന് ആരോപിച്ചിരുന്നു.
Content Highlight; Decision to expel V Kunhikrishnan from the party