ഹരിപ്പാട് നിയോജകമണ്ഡലത്തിൽ എസ്ഐആറിൽ നിന്നും മുസ്‌ലിങ്ങളെ ഒഴിവാക്കുന്ന നടപടികളുണ്ടായി: രമേശ് ചെന്നിത്തല

കേരളത്തിലെ വിവിധയിടങ്ങളില്‍ ബിജെപി ഇടപെട്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ വെട്ടിക്കളയുന്നുവെന്ന് പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല

ന്യൂഡൽഹി: ഹരിപ്പാട് നിയോജകമണ്ഡലത്തിലെ ചീങ്ങോലി പഞ്ചായത്തില്‍ എസ്‌ഐആറില്‍ നിന്ന് മുസ്‌ലിങ്ങളെ ഒഴിവാക്കുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. മുസ്‌ലിം സമുദായത്തിലെ ആളുകളെ മാത്രം കണ്ടെത്തി അവരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുവെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതുപോലെ കേരളത്തിലെ വിവിധയിടങ്ങളില്‍ ബിജെപി ഇടപെട്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ വെട്ടിക്കളയുന്നുവെന്ന് പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ന്യൂനപക്ഷ ജനങ്ങളുടെ വോട്ട് നിഷേധിക്കുന്ന ഈ നടപടി തെരഞ്ഞടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അനാവശ്യമായി ആളുകളെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് അപലപനീയമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫോം സെവന്റെ ദുരുപയോഗമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എസ്‌ഐആറില്‍ വീണ്ടും പേര് രേഖപ്പെടുത്താന്‍ ഹിയറിങിന് പോകേണ്ട സാഹചര്യം വരെയുണ്ട്. നിലവില്‍ ഹരിപ്പാട് മണ്ഡലത്തിലാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

അതേസമയം കേരളത്തിലെ അതിവേഗ റെയില്‍ പാത പദ്ധതികള്‍ വെറും തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നേരത്തെ കൊണ്ടുവന്ന അതിവേഗ റെയില്‍ പദ്ധതി ഉപേക്ഷിച്ചെങ്കില്‍ അതിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ മാറ്റി കൊടുക്കണമെന്നും അത് കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയില്‍ പാത പോലുള്ള പലതും പറയുമെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും കെവി തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകളും രമേശ് ചെന്നിത്തല തള്ളി.

Content Highlight; Ramesh Chennithala alleges that Muslims are being excluded from SIR in Haripad constituency

To advertise here,contact us