'കുഞ്ഞികൃഷ്ണൻ പറഞ്ഞത് വാസ്തവ വിരുദ്ധം;പിണറായിയും ഗോവിന്ദനും കോടിയേരിയും തെറ്റിന് കൂട്ടുനിൽക്കില്ല':എംവി ജയരാജൻ

'പാര്‍ട്ടി കമ്മീഷന്‍ വെച്ച് പഠിച്ച് വ്യക്തിപരമായി ധനാപഹരണം ആരും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയതാണ്'

കണ്ണൂര്‍: ഫണ്ട് തിരിമറിയുണ്ടായി എന്നതടക്കം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്സിപിഐഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞതെന്ന്സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. പാര്‍ട്ടി കമ്മീഷന്‍ വെച്ച് പഠിച്ച് വ്യക്തിപരമായി ധനാപഹരണം ആരും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയതാണ്. വരവ് ചെലവ് കണക്ക് പാര്‍ട്ടി കമ്മറ്റിയില്‍ അവതരിപ്പിക്കാന്‍ വൈകി എന്നത് മാത്രമാണ് പ്രശ്‌നം. അതില്‍ വീഴ്ച ഉണ്ടായി. അന്നതില്‍ നടപടിയും എടുത്തിരുന്നു. പണാപഹരണം ആരും നടത്തിയിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

'തുറന്ന് പറച്ചില്‍ എന്ന തരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ്. തെറ്റ് തിരുത്താന്‍ ഉള്ള മാര്‍ഗം ഇതല്ല. പാര്‍ട്ടിയെ തിരുത്തല്‍ ഇങ്ങനെയല്ല. എലിയെ പിടിക്കാന്‍ ഇല്ലം ചുടുകയല്ല വേണ്ടത്. താന്‍ ഒഴികെ മറ്റുള്ള എല്ലാവരും കള്ളന്മാര്‍ എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്.ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി രസീത് അച്ചടിച്ചിറക്കുന്ന രീതി പാര്‍ട്ടിയില്‍ ഇല്ല.പയ്യന്നൂരിലും അങ്ങനെ ഇറക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് അതൊക്കെ ചെയ്യുന്നത്. നടപടി പാര്‍ട്ടി പരിശോധിക്കും.കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിക്കും. പിണറായി വിജയനും എം വി ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനും തെറ്റിന് കൂട്ട് നില്‍ക്കുമെന്ന് ആരും കരുതില്ല', എം വി ജയരാജന്‍ പറഞ്ഞു.

കമ്മീഷന്‍ നിഗമനങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പാര്‍ട്ടി കമ്മിറ്റിയില്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞതാണെന്നും അത് തെറ്റ് അംഗീകരിക്കലല്ലേയെന്നും തെറ്റായ ഒരു കാര്യവും പാര്‍ട്ടിക്കകത്ത് വെച്ച് പൊറുപ്പിക്കില്ലെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം ഉയർന്നത്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.

Content Highlights: CPIM state secretariat member M V Jayarajan said that the statements made by district committee member V Kunjikrishnan are false

To advertise here,contact us