ഷിംജിതയ്ക്കെതിരെ പെണ്‍ക്കുട്ടിയുടെ പരാതിയും? 'അനുമതിയില്ലാതെ വീഡിയോ പകർത്തി പ്രചരിപ്പിച്ചു'

ഷിംജിത വീഡിയോ ചിത്രീകരിച്ച അതേ ബസ്സിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയത്

കണ്ണൂർ: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്‍റെ ആത്മഹത്യയില്‍ പ്രേരണക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് യുവാവിന്‍റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച അതേ ബസ്സിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിവരം.

തന്‍റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ പകർപ്പ് ലഭിക്കാന്‍ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്ന് ദീപകിന്‍റെ ബന്ധു സനീഷ് വ്യക്തമാക്കി.

അതേസമയം, ഹണിട്രാപ് ആരോപണത്തില്‍ ഷിംജിത മുസ്തഫയ്‌ക്കെതിരെ അന്വേഷണം നടത്തും. ആത്മഹത്യ ചെയ്ത ദീപക്കിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദീപക്ക് ഭീഷണിക്ക് വിധേയമായോ എന്നാണ് സംശയം. ഷിംജിതയുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കാനാണ് പൊലീസ് നീക്കം.

റിമാന്‍ഡില്‍ കഴിക്കുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ കുന്നമംഗലം കോടതി ഇന്ന് പരിഗണിക്കും. ബസില്‍ വെച്ച് ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തില്‍ ഷിംജിത ഉറച്ചുനില്‍ക്കുകയാണ്. ഇതേ നിലപാട് കോടതിയിലും സ്വീകരിക്കും. സംഭവം നടന്ന ബസിലെ സിസിടിവിയില്‍ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്റെ വാദം.

കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ സഹിതം ഷിംജിത മുസ്തഫ സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഷിംജിതക്കെതിരെ കേസ് എടുക്കുകയായിരുന്നു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഷിംജിതയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

Content Highlights: A girl's complaint against Shimjita. Video was copied and circulated without permission

To advertise here,contact us