ഓട്ടോറിക്ഷ വേണ്ട കൈപ്പത്തി മതി: കേരള കോൺഗ്രസിൽ നിന്ന് നാല് സീറ്റുകൾ ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്

ഏറ്റുമാനൂർ, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട് സീറ്റുകൾ തിരിച്ച് പിടിക്കാനാണ് കോൺ​ഗ്രസ് നീക്കം

കോട്ടയം: കേരള കോൺഗ്രസിൽ നിന്ന് നാല് സീറ്റുകൾ തിരിച്ചെടുക്കാൻ കോൺഗ്രസ് നീക്കം. ഏറ്റുമാനൂർ, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട് സീറ്റുകൾ തിരിച്ച് പിടിക്കാനാണ് കോൺ​ഗ്രസ് നീക്കം. കേരള കോൺഗ്രസിന് പഴയ ശക്തിയില്ലെന്നും വിജയ സാധ്യതപരിഗണിക്കണം എന്നും ചൂണ്ടിക്കാണിച്ചാണ് കോൺ​ഗ്രസ് നീക്കം നടത്തുന്നത്. ഈ നാല് സീറ്റുകളിലും 2021ൽ കേരള കോൺ​ഗ്രസ് പരാജയപ്പെട്ടിരുന്നു. 2021ൽ പത്ത് സീറ്റിൽ മത്സരിച്ച കേരള കോൺ​ഗ്രസിന് രണ്ടിടത്ത് മാത്രമാണ് വിജയിക്കാൻ സാധിച്ചത്. പരമാവധി അഞ്ച് സീറ്റ് മാത്രം കേരള കോൺ​ഗ്രസിന് നൽകിയാൽ മതിയെന്ന ആലോചനയിലാണ് കോൺ​ഗ്രസ് നേതൃത്വം എന്നാണ് റിപ്പോർട്ട്. ഇതിൽ തന്നെ സീറ്റുകൾ വെച്ച് മാറുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കഴിഞ്ഞ തവണ കേരള കോൺ​ഗ്രസ് മത്സരിച്ച തൃക്കരിപ്പൂർ, തിരുവല്ല മണ്ഡലങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യവും കോൺ​ഗ്രസിൽ ശക്തമാണ്.

എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിലും ഇത്തവണയും മത്സരിക്കാൻ അവകാശമുണ്ടെന്നാണ് കേരള കോൺ​ഗ്രസിൻ്റെ വാദം. വിജയസാധ്യത മാത്രമായിരിക്കണം ആരൊക്കെ മത്സരിക്കണം എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം എന്ന നിലപാടിലാണ് കോൺ​ഗ്രസ് നേതൃത്വം. ഈ നാല് മണ്ഡലങ്ങളിലും ഇടതുമുന്നണി കരുത്തരായ സിറ്റിം​ഗ് സ്ഥാനാർത്ഥികളെ മത്സരത്തിന് ഇറക്കുമ്പോൾ മണ്ഡലത്തിൽ വലിയ സ്വാധീനമില്ലാത്ത കേരള കോൺ​ഗ്രസിന് പകരം ഇവിടെ കോൺ​ഗ്രസ് മത്സരിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ചങ്ങനാശ്ശേരിയിൽ കൈപ്പത്തിയിൽ സ്ഥാന‍ാർത്ഥി വേണമെന്ന ആവശ്യമാണ് പ്രാദേശിക നേതൃത്വം ഉയർത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടനാട് കോൺ​ഗ്രസ് ഉണ്ടാക്കിയ മുന്നേറ്റം ചൂണ്ടിക്കാണിച്ചാണ് നിയമസഭാ സീറ്റിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി വരണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഏറ്റുമാനൂരിൽ മികച്ച സ്ഥാനാർത്ഥിയെ നിർത്താൻ കേരള കോൺ​ഗ്രസിന് ശേഷിയില്ലെന്ന വാദമാണ് ഉയരുന്നത്. ഇടുക്കിയിലും കേരള കോൺ​ഗ്രസിന് വേണ്ടത്ര സ്വാധീനമില്ലെന്നാണ് വിലയിരുത്തൽ. തൃക്കരിപ്പൂരിലും തിരുവല്ലയിലും കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചാൽ മത്സരം കടുക്കുമെന്നാണ് ഒരുവിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.

കേരള കോൺ​ഗ്രസ് 2021ൽ പരാജയപ്പെട്ട ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരത്തിനിറങ്ങുന്നത് മന്ത്രി വി എൻ വാസവൻ തന്നെയായിരിക്കും എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഏറ്റുമാനൂർ തിരികെ വേണമെന്ന നിലപാട് കോൺ​ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. ചങ്ങനാശ്ശേരിയിൽ കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിൻ്റെ ജോബ് മൈക്കിളാണ് 2021ൽ വിജയിച്ചത്. കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിൻ്റെ ജോബ് മൈക്കിൾ തന്നെയാവും ഇവിടെ വീണ്ടും മത്സരത്തിന് ഇറങ്ങുക എന്ന് ഉറപ്പാണ്. കേരള കോൺ​ഗ്രസിൻ്റെ പരമ്പാര​ഗത ശക്തികേന്ദ്രം എന്ന നിലയിലാണ് ചങ്ങനാശ്ശേരി പരി​ഗണിക്കപ്പെടുന്നത്. 1980 മുതൽ കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലം കൂടിയാണ് ചങ്ങനാശ്ശേരി.

കുട്ടനാട് മണ്ഡലത്തിൽ എൻസിപിയുടെ സിറ്റിം​ഗ് എംഎൽഎ തോമസ് കെ തോമസ് തന്നെ വീണ്ടും മത്സരരം​ഗത്ത് ഇറങ്ങിയേക്കും. എൽഡിഎഫിൽ ആയിരുന്നപ്പോൾ കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം തുടർച്ചയായി മത്സരിച്ചിരുന്ന മണ്ഡലമാണ് കുട്ടനാട്. എന്നാൽ 2006ൽ ഡിഐസിയ്ക്ക് വേണ്ടി മത്സരിച്ച തോമസ് ചാണ്ടി ഇവിടെ വിജയിക്കുകയായിരുന്നു. പിന്നീട് എൻസിപി ആയി മാറിയ തോമസ് ചാണ്ടി 2011ലും 2016ലും ഇവിടെ ഇടതുപക്ഷത്തിനായി വിജയിച്ചു. യുഡിഎഫിലേയ്ക്ക് പോയ കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം മാണി വിഭാ​ഗവുമായി ചേർന്ന് ഒരു പാർട്ടിയായി മറിയതോടെ 2011ലും 2016ലും ഇവിടെ കേരള കോൺ​ഗ്രസാണ് തോമസ് കെ ചാണ്ടിക്കെതിരെ മത്സരിച്ചത്. എന്നാൽ മാണി വിഭാ​ഗം യുഡിഎഫ് വിട്ടതോടെ 2021ൽ വീണ്ടും ജോസഫ് വിഭാ​ഗത്തിന് ഈ സീറ്റ് യുഡിഎഫ് അനുവദിക്കുകയായിരുന്നു. ജോസഫ് ​ഗ്രൂപ്പിന് ഈ നിലയിൽ വൈകാരികമായി ബന്ധമുള്ള മണ്ഡലം കൂടിയാണ് കുട്ടനാട്.

ഇടുക്കിയിൽ മന്ത്രിയും സിറ്റിം​ഗ് എംഎൽഎയുമായി റോഷി അ​ഗസ്റ്റിൻ ഇത്തവണയും എൽഡിഎഫിനായി മത്സരരം​ഗത്ത് ഇറങ്ങുമെന്ന് തീർച്ചയാണ്. കോൺ​ഗ്രസിന് സ്വാധിനമുണ്ടായിരുന്ന ഇടുക്കി 2001 മുതലാണ് കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിൻ്റെ കുത്തകമണ്ഡലമായി മാറുന്നത്. അന്ന് മുതൽ റോഷി അ​ഗസ്റ്റിനാണ് ഇടുക്കിയെ പ്രതിനിധീകരിക്കുന്നത്. 2021ൽ കേരള കോൺ​​ഗ്രസിലെ ഫ്രാൻസിസ് ജോർജ്ജായിരുന്നു ഇവിടെ മത്സരിച്ചത്.

നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് മാണി വിഭാഗം 2021ൽ 12 സീറ്റിൽ മത്സരിക്കുകയും 5 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. മുന്നണി മാറ്റ അഭ്യൂഹങ്ങൾക്കിടെ ഇടതുമുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിച്ച കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിക്കാൻ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുഡിഎഫിൻ്റെ ഭാഗമായ പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൻ്റെ നിലവിലെ നാല് സീറ്റുകൾ ഏറ്റെടുക്കാനുള്ള നീക്കം കോൺഗ്രസ് നടത്തുന്നത്.

Content Highlights: Ahead of the 2026 Kerala Assembly elections, Congress is reportedly planning to claim key assembly seats including Ettumanoor, Changanassery, Idukki, and Kuttanad from Kerala Congress factions in seat-sharing talks within the UDF alliance, amid rising tensions in central Travancore and Christian vote strongholds.

To advertise here,contact us