രാജേഷിനെ മനഃപൂര്‍വ്വം ഒഴിവാക്കിയതോ എന്ന് സിപിഐഎം; പ്രായോഗിക പ്രശ്‌നം മാത്രമെന്ന് വിശദീകരിച്ച് ബിജെപി

വി വി രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത ആളാണോ എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ ചോദ്യം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ് എത്താതിരുന്നത് സിപിഐഎം ഏറ്റെടുത്ത് വലിയ ചര്‍ച്ചയാക്കുമ്പോള്‍ അതില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് ബിജെപിയുടെ പക്ഷം. പ്രധാനമന്ത്രിയെ സ്വീകരിച്ചതിന് ശേഷം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി കൃത്യസമയത്ത് പുത്തരിക്കണ്ടം മൈതാനത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിലെ പ്രായോഗികതയാണ് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി ചൂണ്ടിക്കാട്ടിയിരുന്നു എന്നും ബിജെപി നേതാക്കള്‍ പറയുന്നു. പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ വാഹനത്തിനൊപ്പം സഞ്ചരിക്കാനുള്ള അനുമതി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമാണ് ഉള്ളത്. പ്രധാനമന്ത്രിയെ സ്വീകരിച്ചശേഷം കൃത്യസമയത്ത് മടങ്ങിയെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പോരായ്മയായി വിലയിരുത്തപ്പെടുമെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തന്നെയാണ് വി വി രാജേഷിന്റെയും വാദം.

സാധാരണ നിലയില്‍ പ്രധാനമന്ത്രി സംസ്ഥാന തലസ്ഥാനത്ത് എത്തുന്ന ഘട്ടത്തില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, മേയര്‍, എംപി, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവര്‍ സ്വീകരിക്കാന്‍ എത്തണം എന്നതാണ് പ്രോട്ടോക്കോള്‍. ഇതനുസരിച്ചുള്ള പട്ടികയായിരുന്നു സംസ്ഥാനം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറുകയും ചെയ്തു. എന്നാല്‍ പട്ടിക തിരികെ എത്തുമ്പോള്‍ മേയറുടെയും എംപിയുടെയും പേരുണ്ടായിരുന്നില്ല. ഇക്കാര്യം പ്രോട്ടോക്കോള്‍ വിഭാഗം മേയറെ അറിയിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ എത്താതായതോടെ മന്ത്രി വി ശിവന്‍കുട്ടി അടക്കം സിപിഐഎം നേതാക്കളും ഇടത് സൈബറിടവും വിഷയം ഏറ്റെടുക്കുകയും ബിജെപിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് വി വി രാജേഷിന്റെ പേര് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്നായിരുന്നു വി ശിവന്‍കുട്ടി പറഞ്ഞത്. വി വി രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത ആളാണോയെന്നും അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നില്‍ ബിജെപിയിലെ ഗ്രൂപ്പിസമാണോയെന്നും ശിവന്‍കുട്ടി ചോദിച്ചിരുന്നു. സംഭവം വിവാദമായതോടെ പ്രതികരിച്ച് വി വി രാജേഷ് തന്നെ രംഗത്തെത്തുകയും ചെയ്തു.

ഉയരുന്നത് അനാവശ്യ വിവാദമെന്നായിരുന്നു വി വി രാജേഷിന്റെ പ്രതികരണം. പ്രധാനമന്ത്രിയെ മേയര്‍ സ്വീകരിക്കേണ്ടത് പുത്തരിക്കണ്ടം മൈതാനിയില്‍വെച്ചാണെന്ന് നേരത്തേ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരുന്നുവെന്നാണ് വി വി രാജേഷ് പറയുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോയാല്‍ പുത്തരിക്കണ്ടം മൈതാനിയിലെ പരിപാടിയില്‍ കൃത്യ സമയത്ത് എത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താതിരുന്നത്. പുത്തരിക്കണ്ടം മൈതാനിയിലെ പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തില്‍ തീരുമാനമുണ്ടായിരുന്നു. അതനുസരിച്ചാണ് പ്രധാനമന്ത്രി പുത്തരിക്കണ്ടത്ത് രണ്ടര മണിക്കൂറോളം പ്രവര്‍ത്തകര്‍ക്കൊപ്പം ചെലവഴിച്ചത്. വേദിയില്‍ പ്രധാനമന്ത്രി തന്നെ എത്രത്തോളം സ്‌നേഹത്തോടെയാണ് ചേര്‍ത്തുപിടിച്ചതെന്ന് എല്ലാവരും കണ്ടതാണ്. പ്രധാനമന്ത്രിക്ക് കേരളത്തോടുള്ള സ്‌നേഹവും എല്ലാവരും കണ്ടു. വിഷയത്തില്‍ അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ലെന്നും വി വി രാജേഷ് പറയുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തത് ബിജെപി വലിയ രീതിയില്‍ ആഘോഷമാക്കിയിരുന്നു. പ്രധാനമന്ത്രി വരുമ്പോള്‍ മേയറായിരിക്കും ഇനി സ്വീകരിക്കുക എന്ന് പറഞ്ഞ് ബിജെപി ആരവം ഉയര്‍ത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരം ഭരണം ബിജെപി പിടിച്ചെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് ആദ്യമായി പങ്കെടുത്ത പരിപാടിയായിരുന്നു ഇന്നലെ നടന്നത്. അതില്‍ വി വി രാജേഷിന് പങ്കെടുക്കാന്‍ സാധിക്കാത്തത് ചെറിയ വിഷയമല്ലെന്നാണ് സിപിഐഎമ്മിന്റെ പക്ഷം. വിഷയം തുടര്‍ന്നും ചര്‍ച്ചയാക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

Content Highlights- Left party cadres questioned whether Rajesh was deliberately excluded, triggering a political debate

To advertise here,contact us