'കേരള ആസ്‌ക് മോദി'; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ, തരംഗമായി ഹാഷ് ടാഗ് ക്യാമ്പയിന്‍

കേരളത്തിന് നല്‍കാനുള്ള കുടിശിക എവിടെ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തില്‍ ചോദ്യങ്ങളുമായി ഇടത് സൈബര്‍ കേന്ദ്രങ്ങള്‍. കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം എവിടെ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. 'കേരള ആസ്‌ക്ക് മോദി' എന്ന ഹാഷ് ടാഗിലാണ് ചോദ്യങ്ങള്‍. ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

മോദിയുടെ ട്വീറ്റിലും ചോദ്യങ്ങള്‍ ഉന്നയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് നല്‍കാനുള്ള കുടിശിക എവിടെ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ജനപ്രതിനിധികളും ക്യാമ്പയിനിന്റെ ഭാഗമായിട്ടുണ്ട്. വിവിധ പദ്ധതികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കേരളത്തിനായുള്ള മൂന്ന് അമൃത് ഭാരത് ട്രെയിനുകള്‍ മോദി ഫ്‌ലാഗ് ഓഫ് ചെയതു. മോദിയെ വിമാനത്താവളത്തിലെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു.

വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോയായാണ് മോദി പരിപാടി നടന്ന പുത്തരിക്കണ്ടം മൈതാനത്തില്‍ എത്തിയത്. പിന്നീട് നടന്ന പാര്‍ട്ടി പരിപാടിയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും മോദി കടന്നാക്രമിച്ചു. കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് മോദി പറഞ്ഞു, ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തില്‍ നിന്നാണെന്നും തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ലെന്ന് അദ്ദേഹം പറഞ്ഞു.

'1987ന് മുമ്പ് ഗുജറാത്തില്‍ ബിജെപി ഒന്നുമല്ലായിരുന്നു. 87ല്‍ അഹമ്മദാബാദ് മുന്‍സിപ്പാലിറ്റി പിടിച്ചു. പിന്നെ ഗുജറാത്ത് പിടിച്ചടക്കി. ഇപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കിട്ടി. ഇനി കേരളം ബിജെപിയുടെ കയ്യില്‍ വരും. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. ഇനി മുതല്‍ മൂന്നാമത് ഒരു പക്ഷം കൂടി. അത് വികസനത്തിന്റെ പക്ഷമാണ്', മോദി പറഞ്ഞു.

എല്‍ഡിഎഫ് വികസനത്തിന്റെ ശത്രുവാണെന്ന് മോദി പറഞ്ഞു. പിഎം ആവാസ് യോജനയും പി എം ശ്രീയും നടപ്പാക്കിയില്ലെന്ന് മോദി വിമര്‍ശിച്ചു. മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് മോദി പറഞ്ഞു.

Content Highlights: social media Campaign against PM Narendra Modi after Kerala Visit

To advertise here,contact us