തിരുവനന്തപുരം: പ്രധാനമന്ത്രി എത്തിയ വേദിയിലും പരിഭവം മറയ്ക്കാതെ ആർ ശ്രീലേഖ. മുന് ഡിജിപിയും ബിജെപി കൗണ്സിലറുമായ ആര് ശ്രീലേഖ പ്രധാനമന്ത്രി പങ്കെടുത്ത വേദിയില് നിന്നും ഒറ്റയ്ക്ക് മാറി നില്ക്കുന്ന വീഡിയോ വൈറലാവുകയാണ്. തിരുവനന്തപുരത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്വഹിക്കാന് പ്രധാനമന്ത്രി എത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിപാടിയുടെ വേദിയില് നിന്ന് ശ്രീലേഖ വിട്ടുനില്ക്കുകയായിരുന്നു.
വേദിയില് മറ്റ് ബിജെപി നേതാക്കളെല്ലാം പ്രധാനമന്ത്രി മോദിയോട് സംസാരിക്കുന്നതും കൂടെ നിന്ന് ചിത്രങ്ങളെടുക്കുന്നതുമെല്ലാം ദൃശ്യങ്ങളില് നിന്ന് വ്യക്തമാണ്. എന്നാല് പൊതുസമ്മേളന വേദിയില് പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോലും പോകാതെ മാറി നില്ക്കുകയായിരുന്നു ആര് ശ്രീലേഖ. മറ്റ് നേതാക്കള് മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ മാറി നില്ക്കുകയായിരുന്നു. കോര്പ്പറേഷന് മേയറാക്കാത്തതില് നേരത്തെ തന്നെ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി പങ്കെടുത്ത് വേദിയിലും ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില് വിജയിച്ചെങ്കിലും മേയറാകാന് സാധിക്കാത്തതില് അതൃപ്തി വ്യക്തമാക്കി ആര് ശ്രീലേഖ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പാര്ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന നിരവധി പരാമര്ശങ്ങളും ശ്രീലേഖയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില് നിന്നുള്ള ആര് ശ്രീലേഖയുടെ വിട്ടുനില്ക്കലും ഇപ്പോള് ചര്ച്ചയാകുന്നത്.
മേയര് ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിച്ചതെന്നും കൗണ്സിലറാകാന് വേണ്ടിയല്ല പാര്ട്ടി തന്നെ മത്സരിപ്പിച്ചത് എന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്ക്ക് മുന്നിലെ ശ്രീലേഖയുടെ തുറന്നുപറച്ചില് പാര്ട്ടിക്കുള്ളില് വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഈ വിവാദങ്ങള് കെട്ടടങ്ങുമ്പോഴാണ് വീണ്ടും ശ്രീലേഖയുടെ പ്രവൃത്തികള് ചര്ച്ചയാകുന്നത്.
Content Highlight; R Sreelekha stayed away from the stage where Modi arrived, and did not even come to send him off