മുപ്പത്തിമൂന്നര വർഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമ;വേദിയിൽ നിന്ന് മാറിനിന്നതിൽ ആർ ശ്രീലേഖ

പ്രധാനമന്ത്രിയെത്തിയ വേദിയില്‍ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതുകൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച തിരുവനന്തപുരത്തെ വേദിയില്‍ ഒറ്റയ്ക്ക് മാറി നില്‍ക്കുന്നത് ചര്‍ച്ചയായതോടെ വിശദീകരണവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം ലഭിച്ചതുകൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും ശ്രീലേഖ വിശദീകരിച്ചു.

പ്രധാനമന്ത്രിയെത്തിയ വേദിയില്‍ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതുകൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. വളരെ അധികം വിവിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ള തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ശ്രീലേഖ പറയുന്നു.

പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോള്‍ തനിക്ക് നല്‍കപ്പെട്ടിട്ടുള്ള സ്ഥാനത്ത് ഇരിക്കുക. നിലയുറപ്പിക്കുകയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയ്ക്ക് ചെയ്യേണ്ടതെന്നാണ് ധരിച്ചത്. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നത്. വിവിഐപി എന്‍ട്രന്‍സിലൂടെ പ്രവേശിച്ച് അതിലെതന്നെ പ്രധാനമന്ത്രി മടങ്ങുമ്പോള്‍ താന്‍ അങ്ങോട്ടേക്ക് ചെല്ലുന്നത് ശരിയല്ലല്ലോ എന്നാണ് ചിന്തിച്ചത്. ആരും തെറ്റിദ്ധരിക്കരുത്. എപ്പോഴും ബിജെപിക്കൊപ്പം എന്നും ശ്രീലേഖ പറയുന്നു.

തിരുവനന്തപുരത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി എത്തിയപ്പോഴാണ് പരിപാടിയുടെ വേദിയില്‍ നിന്ന് ശ്രീലേഖ മാറി നിന്നത്. വേദിയില്‍ മറ്റ് ബിജെപി നേതാക്കളെല്ലാം പ്രധാനമന്ത്രി മോദിയോട് സംസാരിക്കുന്നതും കൂടെ നിന്ന് ചിത്രങ്ങളെടുക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ടായിരുന്നു. എന്നാല്‍ പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോലും പോകാതെ മാറി നില്‍ക്കുകയായിരുന്നു ആര്‍ ശ്രീലേഖ. മറ്റ് നേതാക്കള്‍ മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ മാറി നില്‍ക്കുകയായിരുന്നു.

Content Highlights: R Sreelekha Reaction Over Stayed away from BJP Stage

To advertise here,contact us