കേരളത്തില്‍ അതിവേഗ റെയില്‍വേ പദ്ധതി; ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും

പൊന്നാനിയില്‍ ഡിഎംആര്‍സിയുടെ ഓഫീസ് തുറക്കും.

തിരുവനന്തപുരം: കേരളത്തില് അതിവേഗ റെയില്‍വേ പദ്ധതി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്താന്‍ സാധ്യതയേറെയാണ്.

അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പറേഷനെ റെയില്‍വേ മന്ത്രാലയം ചുമതലപ്പെടുത്തിരുന്നു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഈ ശ്രീധരന്റെ നേതൃത്വത്തില്‍ ആയിരിക്കും അതിവേഗ റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഒമ്പത് മാസത്തിനകം ഡിപിആര്‍ കൈമാറാനാണ് ഇ ശ്രീധരന്‍ ശ്രമിക്കുന്നത്.

പൊന്നാനിയില്‍ ഡിഎംആര്‍സിയുടെ ഓഫീസ് തുറക്കും. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 430 കിലോമീറ്റര്‍ ദൂരത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായി തള്ളിയാണ് അതിവേഗ റെയിലുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം 2009ല്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ അതിവേഗ പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി തുടങ്ങിയിരുന്നു. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പദ്ധതി. നിലവില്‍ റെയില്‍വേ ലൈന്‍ ഇല്ലാത്ത മേഖലകള്‍ക്ക് മുന്‍ഗണന നല്‍കാനും ആലോചനയുണ്ട്. ആദ്യ ഡിപിആറിനെ അവഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോയത്.

Content Highlights: Prime Minister Narendra Modi is expected to announce the launch of the high-speed rail project in Kerala

To advertise here,contact us