'കോൺഗ്രസുകാർ മുസ്‌ലിം ലീഗിനേക്കാൾ വലിയ വർഗീയവാദി; കേരള സർക്കാർ വികസനത്തിന്റെ ശസ്ത്രു'; ശബരിമല ഉയർത്തിയും മോദി

കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് നടക്കുന്നതെന്ന് മോദി

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചും ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തിക്കാട്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വശത്ത് എല്‍ഡിഎഫ്, മറുവശത്ത് യുഡിഎഫ് എന്ന നിലയിലാണ് നിലവിലെ സാഹചര്യമെന്നും എന്നാല്‍ ഇനി മുതല്‍ മൂന്നാമതൊരു പക്ഷം കൂടി ഉണ്ടാകുമെന്നും ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി പറഞ്ഞു. അത് സദ്ഭരണത്തിന്റെയും വികസനത്തിന്റെയും പക്ഷമാണ്. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ ദുര്‍ഭരണത്തില്‍ മുക്കി കളഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊടിയുടെ നിറം വേറെയാണ്. ചിഹ്നവും രണ്ടാണ്. എന്നാല്‍ രണ്ടുപേരുടെയും അജണ്ട ഒന്നാണ്. അഴിമതിയും വര്‍ഗീയതയും ആണ് അജണ്ട. ശരിയായ അര്‍ത്ഥത്തില്‍ പുതിയ ഒരു സര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ട്. തന്റെ വാക്കുകള്‍ ശ്രദ്ധിക്കണമെന്നും ബുദ്ധി ഉപയോഗിച്ച് ചിന്തിക്കണമെന്നും മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണമെന്നോണമെന്നായിരുന്നു മോദിയുടെ നെടുനീളന്‍ പ്രസംഗം.

ശ്രീനാരായണ ഗുരു, അയ്യങ്കാളി, മന്നത്ത് പത്മനാഭന്‍ എന്നിവരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. തിരുവനന്തപുരത്ത് വരാനായത് സൗഭാഗ്യമാണെന്ന് മോദി പറഞ്ഞു. ബിജെപി എങ്ങനെയാണോ ഗുജറാത്തില്‍ വളര്‍ന്നുവന്നത് അതുപോലെയാണ് തിരുവനന്തപുരത്ത് ബിജെപിയുടെ വളര്‍ച്ച. 1987ന് മുന്‍പ് ഗുജറാത്തില്‍ ബിജെപി ചെറിയ പാര്‍ട്ടി ആയിരുന്നു. വാര്‍ത്തയില്‍ ഒന്നും വരില്ലായിരുന്നു. ആദ്യമായി അഹമ്മദാബാദ് മുന്‍സിപ്പാലിറ്റിയില്‍ വിജയിച്ചു. പിന്നീട് വിജയപരമ്പര ആയിരുന്നു. അതിന് സമാനമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം. കേരളത്തില്‍ ഇത്തവണ പരിവര്‍ത്തനം ഉണ്ടാവുക തന്നെ ചെയ്യും. കേരളം ബിജെപിയെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. കേരളത്തെ അഴിമതിയില്‍ നിന്നും മുക്തമാക്കാനുള്ള വിജയമാണിത്. തിരുവനന്തപുരത്തിന് നന്ദിയെന്നും മോദി പറഞ്ഞു. മലയാളത്തിലായിരുന്നു മോദി നന്ദി പറഞ്ഞത്.

ഇടത്, വലത് അഴിമതി ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള തുടക്കമെന്ന നിലയില്‍ വേണം തിരുവനന്തപുരത്തെ വിജയത്തെ കാണാന്‍ എന്നും മോദി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളില്‍ പോലും തിരുവനന്തപുരം വളരെ പിറകിലാണ്. ഇങ്ങനെ ആകാന്‍ പാടില്ല. മാറാത്തത് ഇനി മാറുമെന്നും മോദി പറഞ്ഞു. ഇതും മലയാളത്തിലായിരുന്നു മോദി പറഞ്ഞത്. തിരുവനന്തപുരത്തെ മാതൃക നഗരമാക്കി മാറ്റും. രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാന്‍ എല്ലാ പിന്തുണയും നല്‍കും. വരാന്‍ പോകുന്നത് മാറ്റത്തിന്റെ തെരഞ്ഞെടുപ്പ് ആണെന്നും മോദി പറഞ്ഞു. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് നടക്കുന്നതെന്നും മോദി ആരോപിച്ചു. കേരളം രക്ഷപ്പെടണമെങ്കില്‍ ഈ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.

ശബരിമലയില്‍ നിന്ന് സ്വര്‍ണം കൊള്ളയടിക്കപ്പെട്ടുവെന്ന് മോദി പറഞ്ഞു. ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ കിട്ടിയ ഒരു അവസരവും എല്‍ഡിഎഫ് പാഴാക്കിയിട്ടില്ല. ബിജെപി വന്നാല്‍ ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തും. കുറ്റവാളികളെ ജയിലില്‍ അടയ്ക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി ഉന്നയിച്ചത്. എംഎംസി കോണ്‍ഗ്രസാണ് ഇപ്പോള്‍ ഉള്ളതെന്നായിരുന്നു മോദി പറഞ്ഞത്. എംഎംസി എന്നാല്‍ മുസ്‌ലിം ലീഗ് മാവോവാദി കോണ്‍ഗ്രസ് ആണെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിനെ കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. കോണ്‍ഗ്രസുകാര്‍ മുസ്‌ലിം ലീഗിനെക്കാള്‍ വലിയ വര്‍ഗീയവാദികളായി മാറി. കോണ്‍ഗ്രസിനെ ജനങ്ങള്‍ വളരെ സൂക്ഷിക്കണം. വര്‍ഗീയ പരീക്ഷണശാലയായി കേരളത്തെ കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. പവിത്രമായ കേരളത്തെ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് അജണ്ടയില്‍ നിന്ന് രക്ഷിച്ചെടുക്കണം. ഈ സമയമാണ് ശരിയായ സമയം. ഇതാണ് എന്‍ഡിഎ സര്‍ക്കാറിനുള്ള ശരിയായ സമയം. വികസിത കേരളം സാധ്യമാക്കാനുള്ള സമയമാണിതെന്നും മോദി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കേരളത്തില്‍ എത്താതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ വികസനത്തിന്റെ ശത്രുവാണ്. പിഎം ശ്രീ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം. പിഎം ശ്രീ പദ്ധതി കേരളം ഉപേക്ഷിച്ചു. പാവപ്പെട്ട കുട്ടികള്‍ ആധുനിക രീതിയിലെ സ്‌കൂളില്‍ പഠിക്കേണ്ടതില്ല എന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്. ദരിദ്രരുടെ അവകാശങ്ങള്‍ കേരള സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ദരിദ്രര്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്നും മോദി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് പത്തുവര്‍ഷം കേന്ദ്രം ഭരിച്ചത്. കര്‍ഷകര്‍ക്ക് വേണ്ടിയും മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയും രണ്ട് പാര്‍ട്ടികളും ഒന്നും ചെയ്തില്ല. കര്‍ഷകര്‍ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട പണം നേതാക്കന്മാരുടെ പോക്കറ്റിലേക്കാണ് മുന്‍പ് പോയിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസും സിപിഐഎമ്മും വിചാരിച്ചാല്‍ പോലും പണം മോഷ്ടിക്കാന്‍ ആവില്ല. കേരളത്തില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വന്നേ തീരൂ. കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കേരളത്തിനും പൂര്‍ണമായി ലഭിക്കണം. വിഴിഞ്ഞം പദ്ധതിയിലൂടെ യുവാക്കള്‍ക്ക് ഒട്ടനവധി തൊഴില്‍ ലഭിക്കും. വിഴിഞ്ഞത്ത് നൂറുകണക്കിന് കപ്പലുകളാണ് ആറ് മാസം കൊണ്ട് കൈകാര്യം ചെയ്തതെന്നും മോദി ചൂണ്ടിക്കാട്ടി.

സഹകരണ ബാങ്കുകളിലെ തട്ടിപ്പിനെക്കുറിച്ചും മോദി പരാമര്‍ശിച്ചു. സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ച സാധാരണക്കാരുടെ പണം കോണ്‍ഗ്രസും സിപിഐഎമ്മും മോഷ്ടിച്ചു. കേരളത്തിന്റെ വികസനത്തിന് തടസമാകുന്നത് അഴിമതിയാണ്. സഹകരണ ബാങ്കുകളിലെ പണം പോലും സുരക്ഷിതമല്ല. മക്കളുടെ വിവാഹത്തിനും പഠനത്തിനും സൂക്ഷിച്ച പണം കൊള്ളയടിക്കപ്പെട്ടു. ബിജെപിക്ക് അവസരം തന്നാല്‍ മോഷ്ടിക്കപ്പെട്ട പണം മോഷ്ടിച്ചവരില്‍ നിന്ന് ഈടാക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം, മോദിയുടെ പ്രസംഗത്തില്‍ അതിവേഗ റെയില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായില്ല. തിരുവനന്തപുരം നഗരത്തിനുള്ള വലിയ പദ്ധതികളും പ്രഖ്യാപിച്ചില്ല.

Content Highlights- Prime minister narendra modi against congress and left in his speech in Thiruvananthapuram

To advertise here,contact us