തിരുവനന്തപുരം: കേരളത്തിലെ ട്രെയിന് യാത്രക്കാര്ക്ക് വീണ്ടും സമ്മാനവുമായി കേന്ദ്രസര്ക്കാര്. കേരളത്തില് നിന്നുള്ള പ്രതിവാര അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നിര്വഹിച്ചു. വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുതിയ ട്രെയിനുകള് കേരളത്തിന് ഫ്ളാഗ് ഓഫ് ചെയ്ത് നല്കിയത്. കേരളത്തിന് പുറമെ തമിഴ്നാട്, കര്ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ കണക്ടിവിറ്റി വര്ധിപ്പിക്കാന് അമൃത് ഭാരത് ട്രെയിനുകള് സഹായിക്കും.
കേരളത്തില് ഓടുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്;
താംബരം- തിരുവനന്തപുരം അമൃത് ഭാരത്(16121): ബുധനാഴ്ച്ചകളില് വൈകീട്ട് 5.00 മണിക്ക് താംബരത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിനാണ് താംബരം- തിരുവനന്തപുരം എക്സ്പ്രസ്. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി 11.45ന് താംബാരത്തെത്തും. തിരുച്ചിറപ്പള്ളി, മധുരസ നാഗര്കോവില് വഴിയാണ് യാത്ര.
ചര്ലപ്പള്ളി- തിരുവനന്തപുരം അമൃത് ഭാരത് എക്സ്പ്രസ്(17041): ചര്ലപ്പള്ളിയില് നിന്ന് ചൊവ്വാഴ്ച്ചകളില് രാവിലെ 7.15ന് പുറപ്പെടുന്ന ട്രെയിന് ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്തെത്തും. തിരിച്ച് ബുധനാഴ്ച്ച വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച്ച രാത്രി 10.30ന് ചര്ലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാര്പേട്ട, ഗുണ്ടൂര്, നല്ഗോണ്ട വഴിയാണ് ട്രെയിന് കടന്ന് പോവുക.
നാഗര്കോവില്- മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്(16329): നാഗര്കോവിലില് നിന്ന് ചൊവ്വാഴ്ച്ചകളില് രാവിലെ 11.40ന് പുറപ്പെടുന്ന ട്രെയിന് ബുധനാഴ്ച്ച രാവിലെ മംഗളൂരുവിലെത്തും. തിരിച്ച് മംഗളൂരു ജംഗ്ഷനില് നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05ന് നാഗര്കോവിലിലെത്തും. തിരുവനന്തപുരം, ഷൊര്ണൂര്, കോട്ടയം വഴിയാണ് യാത്ര.
തൃശൂര്- ഗുരുവായൂര് പാസഞ്ചര് ട്രെയിന്(56115): പ്രാദേശിക യാത്രക്കാരെയും വിദ്യാര്ത്ഥികളെയും ജോലിക്കാരെയും തീര്ത്ഥാടകരെയും ലക്ഷ്യംവച്ച് ഓടുന്ന ട്രെയിനാണ് ഇത്. പാസഞ്ചര് ട്രെയിന് ആയതിനാല് തന്നെ എല്ലാ ദിവസങ്ങളിലും ട്രെയിനിന്റെ സേവനം ലഭ്യമായിരിക്കും. തൃശ്ശൂരില് നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിന് അന്ന് രാത്രി 8.45ന് തൃശൂരില് എത്തും. കൂടാതെ വൈകുന്നേരം 6.10ന് ഗുരുവായൂരില് നിന്നുള്ള മറ്റൊരു സര്വീസ് വൈകുന്നേരം 6.50ന് തൃശൂരില് എത്തും. പൊന്കുന്നം വഴിയായിരിക്കും യാത്ര.
സാധാരണക്കാര്ക്ക് മിതമായ നിരക്കില് സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് അമൃത് ഭാരതിന്റെ ലക്ഷ്യമെന്ന് റെയില്വേ വ്യക്തമാക്കിയിരുന്നു. വന്ദേഭാരതിന് സമാനമായ അത്യാധുനിക സൗകര്യങ്ങളും മികച്ച വേഗതയും അമൃത് ഭാരത് എക്സ്പ്രസിനുണ്ട്. എന്നാല് എയര് കണ്ടീഷന് ഇല്ലാത്ത ട്രെയിനാണ് ഇത്. ഇതില് 11 ജനറല് ക്ലാസ് കോച്ചുകള്, 8 സ്ലീപ്പര് കോച്ചുകള്, ഒരു പാന്ട്രി കാര്, രണ്ട് സെക്കന്ഡ് ക്ലാസ് കം ലഗേജ് കം ഗാര്ഡ് വാനുകള് എന്നിവയാണുള്ളത്.
Content Highlight; PM Modi flags off Amrit Bharat Express trains in Kerala; timing and details