കോട്ടയം : തമിഴ്നാട്ടിൽനിന്നു മോഷ്ടിച്ച് കോട്ടയത്തു വിറ്റെന്ന് കരുതുന്ന പൂച്ചയെത്തേടി ഉടമസ്ഥർ കോട്ടയത്ത്. തേനി വീരലക്ഷ്മി നഗറിലെ വീടിനുള്ളിൽ നിന്ന് മോഷണം പോയ ‘ഓറിയോ’ എന്ന പെൺപൂച്ചയെ അന്വേഷിച്ചാണ് ഉടമസ്ഥർ കേരളത്തിലെത്തിയത്. ഓറിയോയെ ക്രിസ്മസ് ദിനത്തിൽ ആരോ മോഷ്ടിച്ചതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഇപ്പോൾ ഓസ്ട്രേലിയയിൽ വിദ്യാർത്ഥിയായ വർഷിനി രാധാകൃഷ്ണൻ കിർഗിസ്ഥാനിൽ പഠിക്കുമ്പോൾ കൂടെക്കൂട്ടിയതാണ് ഓറിയോയെ. മൂന്നര വർഷം മുമ്പാണ് പൂച്ചയെ വർഷിനിക്ക് ലഭിക്കുന്നത്. പഠനകാലത്ത് ഏറ്റെടുത്ത പൂച്ചയുമായി അഭേദ്യമായ ബന്ധമുണ്ടായതോടെ പാസ്പോർട്ടും മറ്റു രേഖകളും തയാറാക്കി കഴിഞ്ഞ വർഷം ഓറിയോയെ നാട്ടിലെത്തിക്കുകയായിരുന്നു.
വർഷിനിയുടെ മാതാപിതാക്കളാണ് പൂച്ചയെ പരിപാലിച്ചിരുന്നത്. ഇവർ വീടുവിട്ട് പുറത്തേക്കു പോകുമ്പോൾ കൂട്ടിലിടറാണ് പതിവ്. ക്രിസ്മസ് ദിനത്തിൽ പുറത്തുപോയി തിരികെവന്നപ്പോൾ കൂട് തുറന്നുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയിൽ അതേദിവസം ലാബ്രഡോർ വിഭാഗത്തിൽപെട്ട നായക്കുട്ടിയും പ്രദേശത്തുനിന്ന് മോഷണം പോയതായും കണ്ടെത്തി. ചെറിയ കുട്ടികളെ ഉപയോഗിച്ചാണ് മോഷ്ടാക്കൾ നായയെ വീട്ടിൽനിന്ന് കടത്തിയതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ആർക്കാണ് വിറ്റതെന്ന് കണ്ടെത്താനായില്ല. തുടർന്നുള്ള പരിശോധനയിൽ ഓറിയോയെയും മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് കുടുംബവും പൊലീസും.
കേരളത്തിലേക്ക് കടത്തി കോട്ടയത്തെ സമ്പന്ന കുടുംബത്തിനു വിറ്റിരിക്കാമെന്നാണ് പൊലീസിൻ്റെയും കുടുംബത്തിൻ്റെയും കണക്കുകൂട്ടൽ. കിർഗിസ്ഥാൻ പ്രാദേശിക ഇനവുമായും സൈബീരിയൻ പൂച്ചകളുമായും സാമ്യമുള്ള ഓറിയോ വില കൂടിയ ബ്രീഡെന്ന് തെറ്റിദ്ധരിപ്പിച്ച് വിറ്റതാകാമെന്നാണ് കുടുംബം പറയുന്നത് . പൂച്ചയെത്തേടിയാണോ നടക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ടെന്നും എന്നാൽ ഓറിയോ എനിക്ക് മകളാണെന്നും അവളുടെ അമ്മയായ ഞാൻ അല്ലാതെ മറ്റാര് അവളെത്തേടിയിറങ്ങുമെന്നും വർഷിനി ചോദിക്കുന്നുണ്ട്.
Content Highlight : Owners Search in Kottayam for Cat Suspected to Have Been Stolen from Tamil Nadu and Sold There. The family alleges that someone stole the cat on Christmas Day.