'പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരം, കേരളത്തിൽ വിലപ്പോകില്ല'

കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് വി ഡി സതീശന്‍ പറഞ്ഞു

തിരുവനന്തപുരം: കേരള സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനും അവകാശമുണ്ട്. എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചുപറയുന്നത് ആപത്കരമാണെന്നും വി ഡി സതീശന്‍ വിമർശിച്ചു. ഇത്തരം പ്രതികരണങ്ങള്‍ ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണന ക്രമങ്ങളെക്കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറഞ്ഞത് വര്‍ഗീയത മാത്രം. കേരളത്തില്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും തെരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി. പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബിജെപിക്കും ഉടനെ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെയും ലീഗിന്റെയും യുഡിഎഫിന്റെയും മുന്‍ഗണന പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ച് മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല് വോട്ടിന് വേണ്ടിയോ തെരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ച്ചപ്പാടിന് നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight; Opposition leader VD Satheesan criticizes Prime Minister's speech during Kerala visit

To advertise here,contact us