തിരുവനന്തപുരം: നെയ്യാറ്റിന്കരയിലെ ഒരുവയസുകാരന്റെ കൊലപാതകത്തില് താന് നിരപരാധിയാണെന്ന് അമ്മ കൃഷ്ണപ്രിയ. കുടുംബ ബന്ധത്തില് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഭര്ത്താവുമായി സംസാരിക്കാറില്ലായിരുന്നുവെന്നും കൃഷ്ണപ്രിയ മൊഴി നല്കി. കുഞ്ഞിനോട് ഭര്ത്താവിന് ഇഷ്ടക്കേടുളളതായി തോന്നിയിരുന്നു. ഭര്ത്താവ് മടിയില് ഇരുത്തിയ ശേഷമാണ് മുന്പും കുഞ്ഞിന്റെ കയ്യില് പൊട്ടലുണ്ടായത്. കുഞ്ഞിനെ കൊന്നു എന്ന് അറിഞ്ഞതിന്റെ ഞെട്ടലുണ്ടെന്നും കൃഷ്ണപ്രിയ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ താന് മര്ദ്ദിച്ചിരുന്നുവെന്ന് പിതാവ് ഷിജിൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഭാര്യയോടുളള സംശയം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്താന് ശ്രമിച്ചതെന്നാണ് പ്രതി പൊലീസിന് നല്കിയ മൊഴി.
കുറ്റം സമ്മതിച്ചതിന് പിന്നാലെ പൊലീസ് ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ വയറ്റില് ക്ഷതമേറ്റതായി നേരത്തെ പരിശോധനയില് കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ഫോറന്സിക് പരിശോധനയില് വ്യക്തമായിരുന്നു. തുടര്ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി ഷിജിന് കുറ്റം സമ്മതിച്ചത്. ഷിജിനിന്റെയും കൃഷ്ണപ്രിയയുടെയും മകന് ഇഹാനാണ് മരിച്ചത്. ജനുവരി 16ന് രാത്രി ഷിജിൻ നൽകിയ ബിസ്കറ്റ് കഴിച്ച കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു എന്നാണ് കൃഷ്ണപ്രിയയും ഷിജിനും നേരത്തെ നൽകിയ മൊഴി.
കുഞ്ഞിന്റെ വായില് നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തെന്നും ഉടന് നെയ്യാറ്റിന്കര താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമായിരുന്നു ഇവർ ആദ്യം പറഞ്ഞത്. എന്നാൽ പൊലീസിന് ഇവരുടെ മൊഴിയിൽ സംശയം തോന്നിയിരുന്നു. രണ്ട് തവണ ചോദ്യംചെയ്ത് വിട്ടയച്ചു. ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള് ഇടപെട്ടതിനെ തുടര്ന്നാണ് വീണ്ടും ഇവര് ഒന്നിച്ച് താമസിച്ച് തുടങ്ങിയത്.
Content Highlights: neyyattinkara one year old death; mother krishnapriya says she is innocent