തിരുവനന്തപുരം: നെയ്യാറ്റിന്കരയിലെ ഒരു വയസുകാരന്റെ മരണത്തില് പിതാവ് ഷിജിന് അറസ്റ്റില്. കുഞ്ഞിനെ താന് മര്ദ്ദിച്ചിരുന്നുവെന്ന് കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് പൊലീസ് ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാര്യയോടുളള സംശയം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്താന് ശ്രമിച്ചതെന്നാണ് പ്രതി പൊലീസിന് നല്കിയ മൊഴി. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില് ഇടിക്കുകയായിരുന്നു. കുട്ടിയുടെ വയറ്റില് ക്ഷതമേറ്റതായി നേരത്തെ പരിശോധനയില് കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ഫോറന്സിക് പരിശോധനയില് വ്യക്തമായിരുന്നു. തുടര്ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി ഷിജിന് കുറ്റം സമ്മതിച്ചത്.
കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ബിസ്ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. അതിനാൽ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കവളാകുളം ഐക്കരവിള വീട്ടില് വാടകയ്ക്ക് താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകന് ഇഹാനാണ് മരിച്ചത്. ജനുവരി 16ന് രാത്രി ഷിജിൻ നൽകിയ ബിസ്കറ്റ് കഴിച്ച കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു എന്നാണ് കൃഷ്ണപ്രിയയും ഷിജിനും നേരത്തെ നൽകിയ മൊഴി.
കുഞ്ഞിന്റെ വായില് നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തെന്നും ഉടന് നെയ്യാറ്റിന്കര താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമായിരുന്നു ഇവർ ആദ്യം പറഞ്ഞത്. എന്നാൽ പൊലീസിന് ഇവരുടെ മൊഴിയിൽ സംശയം തോന്നിയിരുന്നു. രണ്ട് തവണ ചോദ്യംചെയ്ത് വിട്ടയച്ചു. ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള് ഇടപെട്ടതിനെ തുടര്ന്നാണ് വീണ്ടും ഇവര് ഒന്നിച്ച് താമസിച്ച് തുടങ്ങിയത്.
കുഞ്ഞിന്റെ മരണത്തിന് പിന്നാലെ ഷിജിനും കുടുംബത്തിനുമെതിരെ കൃഷ്ണപ്രിയയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സ്ത്രീധനത്തിന്റെ പേരില് ഭർത്താവ് പീഡിപ്പിച്ചിരുന്നു എന്നും കല്യാണത്തിന് ശേഷം സ്വത്തുക്കള് എഴുതി നല്കാന് ആവശ്യപ്പെട്ടെന്നും മകളെ ഒഴിവാക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നുമാണ് കൃഷ്ണപ്രിയയുടെ അമ്മ ആരോപിച്ചത്. കുഞ്ഞിന് വയ്യാതായിട്ടും ആശുപത്രിയില് എത്തിക്കാന് വൈകിയെന്നും പരിക്കേറ്റ കുഞ്ഞിന് വേണ്ട ചികിത്സയോ ശുശ്രൂഷയോ പിതാവ് നല്കിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
Content Highlights: Neyyattinkara One year old death; father shijin arrested