'പ്രശസ്തിക്കും ധനസമ്പാദനത്തിനും രചയിതാക്കൾ നടത്തിയ കുൽസിത ശ്രമം; എം ടിയെക്കുറിച്ചുള്ള പുസ്തകം പിന്‍വലിക്കണം'

പുസ്തകത്തിലെ പരാമര്‍ശങ്ങളും എംടിയെക്കുറിച്ചുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും മക്കൾ

കോഴിക്കോട്: ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്ന് എഴുതിയ 'എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായരുടെ മക്കള്‍. പ്രമീള നായരേയും അവരുടെ ജീവിതത്തെയും കുറിച്ച് എന്ന വ്യാജേന എഴുതിയ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണെന്നും പുസ്തകം പിന്‍വലിക്കാത്ത പക്ഷം നടപടികള്‍ സ്വീകരിക്കുമെന്നും മക്കളായ സിത്താരയും അശ്വതി നായരും അറിയിച്ചു. പുസ്തകം തങ്ങളുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുവാനുദ്ദേശിച്ചാണെന്നും ഇരുവരും ആരോപിച്ചു.

പുസ്തകത്തിലെ പരാമര്‍ശങ്ങളും എംടിയെക്കുറിച്ചുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. പുസ്തകം മൂലം കുടുംബം അനുഭവിക്കുന്ന മനോവിഷമവും അപമാനഭാരവും പറഞ്ഞറിയിക്കാനാകില്ല. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടതെന്നും പ്രസ്താവയില്‍ പറയുന്നു.

'ദീദി ദാമോദരന്‍ എച്ച്മുക്കുട്ടി എന്നിവര്‍ ചേര്‍ന്ന് എഴുതുകയും 'ബുക്ക് വേം' പ്രസിദ്ധീകരിക്കുകയും ചെയ്ത 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകം വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതേണ്ടി വന്നത്. പ്രമീള നായരേയും അവരുടെ ജീവിതത്തെയും കുറിച്ച് എന്ന വ്യാജേന എഴുതിയ ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണ്. പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷവും എം ടി വാസുദേവന്‍ നായര്‍ എന്ന ഞങ്ങളുടെ അച്ഛന്‍ മരിച്ച് ഒരു വര്‍ഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആര്‍ജ്ജിക്കുന്ന 'കുപ്രസിദ്ധിയിലൂടെ' പുസ്തകം വിറ്റു പോവാനും രചയിതാക്കള്‍ക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുല്‍സിത ശ്രമത്തിന്റെ ഭാഗമാണ്.

പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും പറഞ്ഞു കേട്ടുള്ള അറിവുകള്‍ വെച്ചാണ് എന്ന് ആര്‍ക്കും മനസിലാവും. ഈ പുസ്തകത്തിലെ പല പരാമര്‍ശങ്ങളും എം ടിയെ കുറിച്ചുള്ള ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. ഈ കൃത്യം മൂലം മക്കള്‍ എന്ന നിലയില്‍ ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും അനുഭവിക്കുന്ന മനോവിഷമങ്ങളും അപമാനവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത് എന്ന് ഓര്‍മിപ്പിക്കുന്നു. അതോടൊപ്പം ഈ പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ അര്‍ദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്നു പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അത് കൊണ്ട് തന്നെ സാംസ്‌കാരിക മേഖല ഈ പുസ്തകത്തെ തള്ളി കളയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഈ പുസ്തകം ഉടനടി പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം യുക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു', എന്നാണ് പ്രസ്താവന

Content Highlights: mt space bashpeekaranam aaram viral book want to withdrew state sitara and aswathi nair

To advertise here,contact us