പോറ്റി കൊടുത്ത പൊതിയില്‍ ഈന്തപ്പഴം മാത്രമല്ല സംസം വെളളവും കാണും; പരിഹാസവുമായി കെ ടി ജലീല്‍

പോറ്റി ഉംറ കഴിഞ്ഞ് വന്ന ലീഗ് നേതാക്കളെ കണ്ട് മടങ്ങുന്ന വഴിക്കാണോ യുഡിഎഫ് കണ്‍വീനറെ കണ്ടതെന്നും ജലീൽ ചോദിച്ചു

മലപ്പുറം: ശബരിമല സ്വര്‍ണ്ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ കാണാന്‍ വന്നപ്പോള്‍ നല്‍കിയ സമ്മാനപ്പൊതിയില്‍ ഈന്തപ്പഴമായിരുന്നുവെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിശദീകരണത്തില്‍ പരിഹാസവുമായി തവനൂര്‍ എംഎല്‍എ കെ ടി ജലീല്‍. അടൂര്‍ പ്രകാശിന് പോറ്റി കൊടുത്ത സമ്മാനപ്പൊതിയില്‍ ഈന്തപ്പഴമാണത്രേ, ഒന്നുകൂടി നോക്കിയാല്‍ സംസം വെളളത്തിന്റെ കുപ്പി കൂടി കാണുമെന്നാണ് ജലീലിന്റെ പരിഹാസം.

പോറ്റി ഉംറ കഴിഞ്ഞ് വന്ന ലീഗ് നേതാക്കളെ കണ്ട് മടങ്ങുന്ന വഴിക്കാണോ യുഡിഎഫ് കണ്‍വീനറെ കണ്ടതെന്നും അവിടെ നിന്ന് കിട്ടിയ പൊതി അബദ്ധത്തില്‍ പോറ്റി അടൂര്‍ പ്രകാശിന് കൊടുത്തതാകുമോ എന്നും കെ ടി ജലീല്‍ ചോദിച്ചു. ആ വഴിക്കും കൂടി ഒന്ന് അന്വേഷിക്കുന്നത് നന്നാകുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം.

ബെംഗളൂരുവില്‍ താനുളളത് അറിഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കാണാന്‍ വന്നതെന്നും അന്ന് നല്‍കിയ സമ്മാനപ്പൊതിയില്‍ ഈന്തപ്പഴമാണ് ഉണ്ടായിരുന്നതെന്നുമാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. 'സമ്മാനപ്പൊതിയിലുണ്ടായിരുന്നത് ഈന്തപ്പഴവും മറ്റ് ചെറിയ സാധനങ്ങളുമായിരുന്നു. അത് അവിടെയുളളവര്‍ക്ക് അപ്പോള്‍തന്നെ നല്‍കി. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിലേക്കുളള ക്ഷണക്കത്ത് ആയിരുന്നുവെന്നാണ് ഓര്‍മ്മ' എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. സോണിയാ ഗാന്ധിയെ കാണാന്‍ അദ്ദേഹത്തിന് അപ്പോയിന്‍മെന്റ് കിട്ടിയപ്പോള്‍ മണ്ഡലത്തിലെ എംപി എന്ന നിലയില്‍ തന്നെ വിളിക്കുകയായിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ പോയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. താന്‍ ഒറ്റയ്ക്കായിരുന്നില്ല പോയത്. കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായരും തനിക്കൊപ്പമുണ്ടായിരുന്നു. രമണി പി നായരുടെ വീടിന് തൊട്ടടുത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്. മണ്ഡലത്തില്‍പ്പെട്ട ആള്‍ എന്ന നിലയിലാണ് താന്‍ അവിടെ പോയതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

Content Highlights: kt jaleel mocks adoor prakash on statement that he got dates in unnikrishnan pottys gift

To advertise here,contact us