ഫോണിലേക്ക് വന്ന ആ 17 മിസ്ഡ് കോളുകൾ; ശരണ്യയെ കുടുക്കി

ജിവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്

കണ്ണൂ‍‍ർ: തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയെ കുടുക്കിയത് ഫോണിലേക്ക് വന്ന ആ 17 മിസ്ഡ് കോളുകൾ. ശരണ്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം അന്വേഷണ സംഘം എത്തിയത് ശരണ്യയുടെ ഭർത്താവ് പ്രണവിലേക്കായിരുന്നു. പ്രണവും ശരണ്യയും കുറെ നാളായി അകന്നുകഴിയുകയായിരുന്നുവെന്നും എന്നാൽ കുഞ്ഞ് കൊലപ്പെട്ട ദിവസം എങ്ങനെയാണ് പ്രണവ് വീട്ടിൽ എത്തിയതെന്നുമാണ് പൊലീസ് ആദ്യം അന്വേഷിച്ചത്.

തന്നെയും മകനെയും തിരിഞ്ഞുനോക്കാത്ത ഭർത്താവ് അന്ന് മകനെ കൊല്ലാനായി വന്നതാണെന്നു ചോദ്യം ചെയ്യലിൽ ശരണ്യ പൊലീസിനോടു പറഞ്ഞു. എന്നാൽ ശരണ്യ വിളിച്ചിട്ടാണു വന്നതെന്നായിരുന്നു പ്രണവിന്റെ മറുപടി. അച്ഛൻ വീട്ടിൽ ഇല്ലാത്ത ദിവസം നോക്കി വീട്ടിലെത്തി പ്രണവാണ് ആ ക്രൂരകൃത്യം ചെയ്തുവെന്ന് ശരണ്യ തറപ്പിച്ചു പറഞ്ഞു.എന്നാൽ ചോദ്യം ചെയ്യുന്നതിനിടയിൽ ശരണ്യയുടെ മൊബൈൽ ഫോണിലേക്ക് പലവട്ടം ഫോൺ കോൾ വന്നു.അതിൽ നിന്നാണ് അന്വേഷണത്തിൽ പൊലീസിന് വഴിത്തിരിവായത്. പൊലീസ് പരിശോധിച്ചപ്പോൾ ഒരേ നമ്പറിൽനിന്ന് 17 മിസ്ഡ് കോളുകളാണ് ശരണ്യയുടെ ഫോണിലേക്ക് എത്തിയത്. ശരണ്യയുടെ ഫോണിൽനിന്നു ദിവസവും രാത്രി ഇതേ നമ്പറിലേക്ക് ഒട്ടേറെ ഫോൺ കോളുകൾ പോയതും പൊലീസ് കണ്ടെത്തി. ആ നമ്പറിന്റെ ഉടമയായ വാരം സ്വദേശി നിധിനെ പൊലീസ് കണ്ടെത്തിയതോടെ രണ്ടു കൊല്ലമായി ഇരുവരും അടുപ്പത്തിലാണെന്ന് ശരണ്യ സമ്മതിച്ചു.

ചില ദിവസങ്ങളിൽ നിധിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ശരണ്യയുടെ വീടിന്റെ പരിസരത്തെത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. കുട്ടിയെ കാണാതായ ദിവസം പുലർച്ചെ ഒന്നരയ്ക്ക് നിധിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ കാണിച്ചത് ശരണ്യയുടെ വീടിന്റെ പരിസരത്തായിരുന്നു.ഇതിനെ തുടർന്ന് നിതിനും ശരണ്യയും തമ്മിലുള്ള പ്രണയവും കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥീരികരിക്കുകയായിരുന്നു. ശരണ്യയുമായി അടുപ്പത്തിലായിരുന്നുവെന്നു ചോദ്യം ചെയ്യലിൽ നിധിൻ സമ്മതിച്ചു. സംഭവദിവസം പുലർച്ചെ ഒന്നരയ്ക്ക് ശരണ്യയുടെ വീടിന്റെ പരിസരത്തു പോയിരുന്നുവെങ്കിലും കാണാനാകാതെ മടങ്ങിയെന്നും നിധിൻ പറഞ്ഞു. കുഞ്ഞിനെ അവസാനമായി കണ്ടത് എപ്പോഴാണ് എന്നു പ്രണവിനോടും ശരണ്യയോടും ചോദിച്ചപ്പോൾ പുലർച്ചെ മൂന്നോടെ എന്നായിരുന്നു മറുപടി. അപ്പോൾ ശരണ്യ എഴുന്നേറ്റു പാലു കൊടുക്കുന്നത് കണ്ടെന്നും പ്രണവ് പൊലീസിനോട് പറഞ്ഞു.

ഭർത്താവ് ഗൾഫിലായിരുന്ന സമയത്താണ് സമൂഹമാധ്യമം വഴി നിധിനുമായി ശരണ്യ അടുപ്പത്തിലായത്. പിന്നീട് നിധിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായും ശരണ്യ അറിഞ്ഞു. ഇതെച്ചൊല്ലി തർക്കമുണ്ടായി. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ ശരണ്യയെ വിവാഹം കഴിക്കുമായിരുന്നു എന്നു നിധിൻ പറഞ്ഞതായി ശരണ്യ പൊലീസിനോടു പറ‍ഞ്ഞു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ശരണ്യ പൊലീസിനോട് പറഞ്ഞു.

കടൽഭിത്തിയിൽ നിന്ന് അൽപം അകലെയുള്ള പാറക്കെട്ടിലാണ് വിയാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അങ്ങോട്ടു പോകുന്ന വഴിയിൽ കടൽവെള്ളം ഉണ്ടായിരുന്നു.

കുഞ്ഞുമായി അവിടെയെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ചെരിപ്പിലോ കടൽ വെള്ളത്തിലുള്ള ഡയാറ്റം (സൂക്ഷ്മജീവികൾ) പറ്റിപ്പിടിച്ചിട്ടുണ്ടാകാം എന്ന പൊലീസിൻ്റെ നിഗമനത്തിൽ കണ്ണൂർ റീജനൽ ഫൊറൻസിക് ലാബിലേക്ക് ശരണ്യ, നിധിൻ, പ്രണവ് എന്നിവരുടെ വസ്ത്രങ്ങൾ പരിശോധനയ്ക്ക് അയച്ചപ്പോൾ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുള്ളത് ശരണ്യയുടെ വസ്ത്രത്തിൽ മാത്രമാണെന്നു കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

2020 ഫെബ്രുവരി 17-ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.സംഭവദിവസം രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. ഉടനെ കുഞ്ഞും ഭര്‍ത്താവും ഉണര്‍ന്നു. ആസൂത്രണം പാളാതിരിക്കാന്‍ പാല്‍ കൊടുക്കാനെന്ന വ്യാജേന ശരണ്യ കസേരയില്‍ കുറേനേരമിരുന്നു.

ഭര്‍ത്താവ് ഉറങ്ങിയെന്ന് മനസിലാക്കി പിന്‍വാതില്‍ തുറന്ന് കുട്ടിയുമായി ഇടുങ്ങിയ വഴിയിലൂടെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ കടല്‍ത്തീരത്തേക്ക് നടന്നു. തുടര്‍ന്ന് കുട്ടിയെ കടലിലേക്കിട്ടു. കുഞ്ഞ് കരഞ്ഞതോടെ വീണ്ടും എടുത്തു. പിന്നീട് വീണ്ടും കുഞ്ഞിനെ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. കല്ലില്‍ ശക്തിയായി തലയിടിച്ചുണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ശരണ്യക്ക് ജിവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ച്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

Content Highlight : Kannur: Child Thrown into Sea and Killed; Saranya’s Phone Shows 17 Missed Calls Before Incident

To advertise here,contact us