തൃശ്ശൂര്: ഗുരുവായൂര് ദേവസ്വത്തിലുള്ളത് 1,601 കോടി വിലമതിക്കുന്ന സ്വര്ണം. ഏകദേശം 13,98,695 പവന് വരുന്ന ആകെ 1,119.16 കിലോ സ്വര്ണമാണ് ഗുരുവായൂര് ദേവസ്വത്തിന്റെ കൈവശമുള്ളത്. പവന് 1,14,500 രൂപ കണക്കാക്കുമ്പോള് ഇതിന് 1,601 കോടി രൂപയോളം വരും. പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതില് 869 കിലോ സ്വര്ണം സ്വര്ണനിക്ഷേപ പദ്ധതിപ്രകാരം എസ്ബിഐയില് നിക്ഷേപിച്ചതാണ്. ഡബിള് ലോക്കര് രജിസ്ട്രറില് രേഖപ്പെടുത്തിയ 245.52 കിലോഗ്രാം സ്വര്ണവുമുണ്ട്. ഇതിന് പുറമെ സ്വര്ണ ലോക്കറ്റുകള് തയ്യാറാക്കാനായി നല്കിയതിന്റെ ബാക്കി 4.46 കിലോഗ്രാമുണ്ട്. ഇത് കേന്ദ്രസര്ക്കാരിന്റെ മുംബൈ മിന്റിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വന് വെള്ളിനിക്ഷേപവും ഗുരുവായൂര് ദേവസ്വത്തിനുണ്ട്. ആകെ 6,335 കിലോ വെള്ളിയാണ് ദേവസ്വത്തിനുള്ളത്. ഡബിള് ലോക്കര് രജിസ്ട്രര് പ്രകാരം 1,357 കിലോ വെള്ളിയാണുള്ളത്. 4,978.89 ഗ്രാം വെള്ളി കേന്ദ്രസര്ക്കാരിന്റെ ഹൈദരാബാദ് മിന്റിലാണുള്ളത്. 215.75 കിലോഗ്രാം ചെമ്പുനാണയങ്ങളും ദേവസ്വത്തിലുണ്ട്. ഗുരുവായൂര് ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങളില് വേറെയും സ്വര്ണ-വെള്ളി ഉരുപ്പടികളുണ്ടെന്നും മറുപടിയിലുണ്ട്. ഗുരുവായൂര് ദേവസ്വം പബ്ലിക് ഇന്ഫര്മേഷന് ഓഫീസര് എന് ഷാജു ശങ്കറാണ് വിവരങ്ങള് നല്കിയത്.
അതേസമയം, ക്ഷേത്രത്തില് 174 ഗ്രാം തൂക്കം വരുന്ന(21.75 പവന്) സ്വര്ണക്കിരീടവും കിട്ടി. വിശേഷ ദിവസങ്ങളില് കണ്ണന് ചാര്ത്താനുള്ളതാണിത്. മുത്തുകളും കല്ലുകളും പതിച്ച് ആകര്ഷമായി നിര്മിച്ചിട്ടുള്ള കിരീടം തൃശൂരിലെ അജയ് ആന്ഡ് കമ്പനി ഉടമ സി എസ് അജയ് കുമാറിന്റെ ഭാര്യ സിനി അജയ്കുമാറിന്റെ വഴിപാടാണ്.
Content Highlights: guruvayur devaswom gold worth 1601 crore revealed