'മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്ന് പറഞ്ഞിട്ടില്ല,ഫോട്ടോ എടുത്തവരെ പ്രതിയാക്കണമെന്ന മണ്ടത്തരം ഞങ്ങൾ പറയില്ല'

സഭതല്ലിപ്പൊളിച്ച സിപിഐഎമ്മുകാർ സഭയിലെ ജനാധിപത്യം തങ്ങളെ പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷം നിയമസഭയിൽ എങ്ങനെ പെരുമാറണമെന്നതിൽ വി ശിവൻകുട്ടിയുടെ ക്ലാസ് വേണ്ടെന്നും സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ചർച്ച ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജിയാണ് ആവശ്യമെന്നും വി ഡി സതീശൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി തിരിമറി നടത്തി എന്ന് അറിഞ്ഞിട്ടും കൂടെനിർത്തുകയാണ് ദേവസ്വം മന്ത്രി അടക്കമുള്ളവർ ചെയ്തത്. 2025ൽ ഒരു കൃത്രിമ അടിയന്തര സാഹചര്യമുണ്ടാക്കി ദ്വാരപാലക ശില്പം പുറത്ത് കൊടുത്തുവിടാൻ സൗകര്യമൊരുക്കി. അതിൽ വി എൻ വാസവനും ദേവസ്വം പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തിനും പങ്കുണ്ടെന്നും ഗൗരവമായ ഉത്തരവാദിത്തമുണ്ടെന്നും സതീശൻ ആരോപിച്ചു.

സ്വർണക്കൊള്ളയിൽ മന്ത്രിയുടെ രാജിയും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനാവശ്യമായ സമ്മർദവും അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് തങ്ങൾക്കുള്ളത്. നേരത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ചവിട്ടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ സമരത്തെ തുടർന്നാണ് അത് നടപ്പാക്കിയതെന്നും സതീശൻ പറഞ്ഞു.

വി ശിവൻകുട്ടിയും എം ബി രാജേഷും സഭയിൽ ഇന്ന് സോണിയ ഗാന്ധിയുടെ പേര് പറയുകയുണ്ടായി. സമനിലതെറ്റിയ പോലെയാണ് അവർ നിയമസഭയിൽ സംസാരിച്ചത്. അറിയപ്പെടുന്ന മൂന്ന് സിപിഐഎം നേതാക്കളാണ് സ്വർണക്കൊള്ളയിൽ ഇപ്പോൾ ജയിലിൽ ഉള്ളത്. അവർക്കെതിരെ നടപടി എടുക്കാൻ സിപിഐഎം തയ്യാറാകുന്നില്ല. അവർ കൂടുതൽ ആളുകളുടെ പേര് വെളിപ്പെടുത്തുമെന്ന് പാർട്ടിക്ക് അറിയാം. അതുകൊണ്ടാണ് നടപടി എടുക്കാത്തത്. സ്വർണക്കൊള്ള സിപിഐഎം നേതൃത്വം അറിഞ്ഞിട്ടുണ്ട്. എന്നിട്ടും 2024ലും 2025ലും വീണ്ടും കൊള്ളയ്ക്കായി ശ്രമം നടത്തിയെന്നും സതീശൻ ആരോപിച്ചു.

വിഷയത്തിൽ ഇനിയൊരു ചർച്ചയുടെ ആവശ്യമില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും സ്വർണക്കൊള്ള ചർച്ച ചെയ്തതാണ്. അതുകൊണ്ടാണ് സഭാ നടപടികൾ സ്തംഭിപ്പിച്ച് സമരം ചെയ്യുന്നത്. കടകംപള്ളി സുരേന്ദ്രന് സ്വർണക്കൊള്ളയിൽ വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ചരിത്രത്തിൽ ആദ്യമായാണ് സഭാനടപടികൾ സ്തംഭിപ്പിച്ച് സമരം ചെയ്യുന്നതെന്ന് ഇന്ന് സ്പീക്കർ പറഞ്ഞു. അദ്ദേഹം പഴയ ചരിത്രമെല്ലാം ഒന്നു നോക്കണം. നിയമസഭാ സെക്രട്ടറിയായ അദ്ദേഹത്തിന്റെ സ്റ്റാഫിനോട് ചോദിക്കണം. സ്പീക്കർ തെറ്റ് പറയാൻ പാടില്ലല്ലോ. സഭയിൽ ഇന്ന് ഉറക്കെ സംസാരിച്ച മന്ത്രി വി ശിവൻകുട്ടി മുൻപ് മുണ്ട് മടക്കിക്കുത്തി ഡസ്‌കിന് മുകളിൽ കയറി എല്ലാം തല്ലിപ്പൊളിച്ചത് നോട്ടീസ് കൊടുത്തിട്ടാണോ?. തങ്ങൾ ഇക്കഴിഞ്ഞ അഞ്ച് കൊല്ലമായിട്ടും ഒരു അതിക്രമവും സഭയിൽ നടത്തിയിട്ടില്ലെ'ന്നും സതീശൻ പറഞ്ഞു.

ഭരണപക്ഷത്തെ നേതാക്കൾ പ്രതിപക്ഷം വരുന്നതുപോലെ സഭയിൽനിന്ന് പുറത്തുവന്ന് ഇന്ന് മാധ്യമങ്ങളെ കണ്ടത് അടുത്ത അഞ്ച് വർഷത്തേക്കുള്ള അവരുടെ റിഹേഴ്‌സലാണ്. സാധാരണ പ്രതിപക്ഷം ചെയ്യുന്ന രീതിയാണ് ഇതെന്നും സതീശൻ പരിഹസിച്ചു.

പോറ്റിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതുകൊണ്ട് കുറ്റക്കാർ ആകില്ല. സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നോ അദ്ദേഹത്തെ പ്രതിയാക്കണമെന്നോ തങ്ങൾ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി അതിൽ പങ്കാളിയാണെന്ന് കരുതുന്നില്ല. ഇവരെയെല്ലാം സംരക്ഷിക്കുന്നതിലാണ് മുഖ്യമന്ത്രി പങ്കാളിയാകുന്നത്. അതാണ് വിമർശിക്കുന്നത്. ഒരു കേസിലെ പ്രതിക്കൊപ്പം ഫോട്ടോ എടുത്തവരെ മുഴുവൻ പ്രതിയാക്കണമെന്ന മണ്ടത്തരം തങ്ങൾ പറയില്ല. ഫോട്ടോ എടുത്തതിന്റെ പേരിൽ അല്ല കടകംപള്ളി സുരേന്ദ്രനെതിരെ പറയുന്നത്. ദേവസ്വം തീരുമാനം എടുക്കുമ്പോൾ അന്നത്തെ മന്ത്രി അത് അറിയേണ്ടത് അല്ലേയെന്നും സതീശൻ പറഞ്ഞു.

സഭതല്ലിപ്പൊളിച്ച സിപിഐഎമ്മുകാർ സഭയിലെ ജനാധിപത്യം തങ്ങളെ പഠിപ്പിക്കേണ്ട. പ്രതിപക്ഷം നിയമസഭയിൽ എങ്ങനെ പെരുമാറണമെന്നതിൽ വി ശിവൻകുട്ടിയുടെ ക്ലാസും വേണ്ടെന്ന് സതീശൻ പറഞ്ഞു.

ലോകം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമാണ് സ്വർണക്കൊള്ള. അതിൽ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും വിഷയം ചർച്ച ചെയ്ത് നേർപ്പിക്കാൻ ഭരണപക്ഷം നോക്കേണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നടപടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ബാനറുമായി പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് എംഎൽഎമാർ.

Content Highlights: VD Satheesan reacts on Sabarimala gold theft case and niyamasabha protest

To advertise here,contact us