തിരുവനന്തപുരം: ഗൃഹസന്ദര്ശനത്തിനിടെ സിപിഐഎം ജനറല് സെക്രട്ടറി എം എ ബേബി പാത്രം കഴുകിയതിന് പിന്നാലെയുള്ള സൈബര് ആക്രമണത്തില് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. വിവാദം ഉണ്ടാക്കുന്നവര് ഒന്നാം ക്ലാസിലെ പാഠഭാഗം വായിക്കണമെന്ന് ശിവന്കുട്ടി പറഞ്ഞു. പാത്രം കഴുകാതെ ഇരിക്കാന് നമ്മള് രാജാക്കന്മാര് ഒന്നും അല്ലല്ലോയെന്ന് വി ശിവന്കുട്ടി പറഞ്ഞു.
'എം എ ബേബിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. പത്രം കഴുകലും കക്കൂസ് കഴുകലും വൃത്തികെട്ട ജോലി ആണെന്ന മനോഭാവം ചിലര്ക്ക് ഉണ്ട്. താഴെക്കിടയില് ഉള്ളവര് ചെയ്യേണ്ട ജോലി ആണെന്ന മനോഭാവം ശരിയല്ല. സ്വന്തം കാര്യം സ്വയം ചെയ്യുന്നത് ഒരു കുറച്ചിലും അല്ല എന്ന് വിദ്യാര്ഥികളോട് പറയുന്നു. ആണ്കുട്ടികള് പാചകം ചെയ്യുന്നത് നല്ല സംസ്കാരം', വി ശിവന്കുട്ടി പറഞ്ഞു.
സിപിഐഎമ്മിന്റെ ഗൃഹസന്ദര്ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെക്കുന്ന എം എ ബേബിയുടെ ചിത്രത്തെ പരിഹസിച്ച് സോഷ്യല് മീഡിയയില് ട്രോളുകളുണ്ടായിരുന്നു. എന്നാല് പിന്നാലെ എം എ ബേബിക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തുകയായിരുന്നു. ഒന്നാം ക്ലാസിലെ പാഠപുസ്തകം പങ്കുവെച്ചാണ് എം എ ബേബിക്ക് പിന്തുണയുമായി പലരും രംഗത്തെത്തിയത്.
'അച്ഛന് മുറ്റമടിച്ചാലും അമ്മ മുറ്റമടിച്ചാലും ഏട്ടന് മുറ്റമടിച്ചാലും ചൂല് പിണങ്ങില്ലാ' എന്ന പാഠഭാഗമാണ് പലരും പങ്കുവെക്കുന്നത്. ചെറുപ്പം മുതലേ കഴിച്ച പാത്രം കഴുകിവെക്കുക എന്നത് തന്റെ ശീലമാണെന്നും താന് അത് ഇന്നും പാലിച്ചുവരുന്നുവെന്നുമായിരുന്നു വിവാദങ്ങളില് എം എ ബേബിയുടെ പ്രതികരണം.
Content Highlights: V Sivankutty has come out in support of CPIM leader M A Baby following a cyber attack against him.