രുദ്രയുടെ മരണത്തിന് പിന്നിൽ സീനിയർ വിദ്യാർത്ഥിനികളുടെ റാഗിങ് എന്ന് കുടുംബം; മർദിക്കാൻ ശ്രമം നടന്നെന്നും പരാതി

കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിലാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്

ഒറ്റപ്പാലം: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. രുദ്ര ആത്മഹത്യ ചെയ്തത് സീനിയർ വിദ്യാർത്ഥിനികളുടെ റാഗിങിനെ തുടർന്നാണെന്നാണ് കുടുംബത്തിന്റെ പരാതി.

സീനിയർ വിദ്യാർത്ഥികൾ മകളെ മർദിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞദിവസം ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകൾ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. ഹോസ്റ്റൽ വാർഡന് ഇതെല്ലാം അറിയാമെന്ന് രുദ്രയുടെ അച്ഛൻ രാജേഷ് പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കും കുടുംബം പരാതി നൽകി.

ഇന്നലെ രാത്രിയാണ് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ രുദ്രയെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ ഇന്നലെ രാത്രി ഒമ്പതോടെയാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് സ്കൂളിലെത്തി അന്വേഷണം നടത്തും. മരിച്ച രുദ്രയുടെ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴി രേഖപ്പെടുത്തും.

അതേസമയം കുടുംബത്തിന്‍റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. റാഗിങുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയോ കുടുംബമോ പരാതി നൽകിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Content Highlights: palakkad plus one student Rudra Rajesh's death; The family alleges that it was due to ragging by senior students

To advertise here,contact us