'ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു,മകള്‍ കെഞ്ചികരഞ്ഞിട്ടും അവന് വേണ്ട, മടുത്തു മതിയായി';കുറിപ്പ് പുറത്ത്

മകളുടെ വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് കാരണമെന്ന് വ്യക്തമാക്കുന്ന സന്ദേശം മരിക്കും മുമ്പ് ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു.

തിരുവനന്തപുരം: കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യകുറിപ്പ് പുറത്ത്. മകളായ ഗ്രീമ എസ് രാജിന്റെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. ആറ് വര്‍ഷത്തെ മാനസിക പീഡനവും അവഗണനയും കാരണം കടുത്ത നടപടിയിലേക്ക് കടക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്.

'ആറ് വര്‍ഷങ്ങളായുള്ള മാനസിക പീഡനവും അവഗണനയുമാണ് കാരണം. എന്റെ മോളേ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെയാണ് എറിയുന്നത്. എന്റെ മോള് അവനോട് കെഞ്ചികരഞ്ഞിട്ടും അവന് വേണ്ട. പിരിയാന്‍ തക്ക കാരണങ്ങള്‍ ഒന്നും ഇല്ല. എന്തൊക്കെയോ നിസാര കാരണങ്ങള്‍.. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യ…മടുത്തു മതിയായി..' എന്നാണ് ഗ്രീമയുടെ അമ്മയായ സജീത രാജീവ് കുറിപ്പില്‍ എഴുതിയിട്ടുള്ളത്.

ഈ സ്വത്തുക്കള്‍ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കള്‍ ആണ്. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്‍മാരും ഈ സ്വത്തുക്കള്‍ അനുഭവിക്കാന്‍ ഇടവരരുത്. എന്റെ മാമന്‍മാര്‍ അനുഭവിക്കുന്നതാണ് എനിക്കും എന്റെ അമ്മയ്ക്കും സന്തോഷം. ദയവ് ചെയ്ത് ഇത് ആരും അവഗണിക്കരുത്. നിങ്ങള്‍ എല്ലാവരും കൂടി ദയവായി മുന്‍കൈ എടുത്ത് ഇത് നടപ്പാക്കണം. എന്റെ അവസാനത്തെ അപേക്ഷയാണ്' എന്നാണ് ഗ്രീമയുടെ കുറിപ്പിലുള്ളത്.

മകളുടെ വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന സന്ദേശം മരിക്കും മുമ്പ് ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു.

കമലേശ്വരം സ്വദേശികളായ എസ് എല്‍ സജിത(54), മകള്‍ ഗ്രീമ എസ് രാജ് (30)എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് സമീപത്തുനിന്നും സയനൈഡ് കഴിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.

സയനൈഡ് കഴിച്ച് തങ്ങള്‍ ജീവനൊടുക്കുന്നുവെന്ന സന്ദേശം കുടുംബഗ്രൂപ്പില്‍ ഇവര്‍ പങ്കുവെച്ചതിന് പിന്നാലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിനകത്തെ സോഫയില്‍ കൈകള്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. സജിതയുടെ ഭര്‍ത്താവ് ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡനില്‍ താമസിക്കുന്ന റിട്ട അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവ് അടുത്തിടെയാണ് മരിച്ചത്.

Content Highlights: note left by the mother and daughter who died

To advertise here,contact us