ദുർഗയ്ക്ക് വിട; എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

ദുര്‍ഗയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലച്ചു. പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു. ദുര്‍ഗ കാമി എന്ന ഇരുപത്തിരണ്ടുകാരിയാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. ദുര്‍ഗയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡാനണ്‍ എന്ന അപൂര്‍വ്വ ജനിതക രോഗമായിരുന്നു ദുര്‍ഗയ്ക്ക് ബാധിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ് ഷിബുവിന്റെ ഹൃദയമായിരുന്നു ദുർഗയ്ക്ക് മാറ്റിവെച്ചത്.

ദുർഗ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കേരളത്തിൽ ചികിത്സയ്ക്കെത്തിയത്. പാരമ്പര്യ രോഗം മൂലം ദുർഗയുടെ അമ്മയും സഹോദരിയും നേരത്തെ മരിച്ചിരുന്നു. ഒരു സഹോദരൻ മാത്രമാണ് ദുർഗയ്ക്കുണ്ടായിരുന്നത്. അസുഖം ബാധിച്ച് ആരും നോക്കാനില്ലാതെ അനാഥാലയത്തിലായിരുന്നു ദുർഗയും സഹോദരൻ തിലകും താമസിച്ചിരുന്നത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ദുർഗയെ ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. ഡിസംബർ 22-നായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ ദിവസം ദുർഗയ്ക്ക് ജീവൻരക്ഷാ മെഷീനുകളുടെ പിന്തുണ മാറ്റുകയും ആരോഗ്യസ്ഥിതി സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. എന്നാൽ ഫിസിയോ തെറാപ്പിയ്ക്കിടെ ദുർഗ കുഴഞ്ഞുവീഴുകയായിരുന്നു.

Content Highlights: Nepali Girl who undergone heart transplant surgery at Ernakulam General Hospital dies

To advertise here,contact us