തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. മകളുടെ വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന സന്ദേശം മരിക്കും മുമ്പ് ഇവർ ബന്ധുക്കൾക്ക് അയച്ചിരുന്നു.
കമലേശ്വരം സ്വദേശികളായ എസ് എൽ സജിത(54), മകൾ ഗ്രീമ എസ് രാജ് (30)എന്നിവരെ ഇന്നലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് സമീപത്തുനിന്നും സയനൈഡ് കഴിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. തങ്ങൾ ആത്മഹത്യ ചെയ്യാൻ കാരണം മകളുടെ ഭർത്താവാണെന്നും കേവലം 25 ദിവസം കൂടെ താമസിച്ച് അവളെ അവൻ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നും സജിത ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലും പറയുന്നുണ്ട്.
സയനൈഡ് കഴിച്ച് തങ്ങൾ ജീവനൊടുക്കുന്നുവെന്ന സന്ദേശം കുടുംബഗ്രൂപ്പിൽ ഇവർ പങ്കുവെച്ചതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിനകത്തെ സോഫയിൽ കൈകൾ കോർത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. സജിതയുടെ ഭർത്താവ് ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡനിൽ താമസിക്കുന്ന റിട്ട അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ രാജീവ് അടുത്തിടെയാണ് മരിച്ചത്.
ആറ് വർഷം മുൻപ് കല്യാണം കഴിച്ച ഗ്രീമയുടെ വിവാഹജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇത് കുടുംബത്തെ വല്ലാതെ പ്രയാസത്തിലാക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അമ്പലത്തറ പഴഞ്ചിറയ്ക്ക് സമീപം താമസിക്കുന്ന ബി എം ഉണ്ണികൃഷ്ണനാണ് ഗ്രീമയുടെ ഭർത്താവ്. ഇയാൾ അയർലൻഡിൽ കോളേജ് അധ്യാപകനാണ്. ഉണ്ണികൃഷ്ണൻ അടുത്തിടെ നാട്ടിലെത്തിയപ്പോൾ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ബന്ധം തുടരാൻ താല്പര്യമില്ലെന്ന് ഇയാൾ ഗ്രീമയെ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. വിവാഹത്തിന് ശേഷം കേവലം ഒരുമാസം മാത്രമാണ് ഗ്രീമയും ഭർത്താവും ഒരുമിച്ച് താമസിച്ചത്. 200ലധികം പവൻ സ്വർണവും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയായിരുന്നു വിവാഹമെന്നും ബന്ധുക്കൾ പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: mother and daughter found dead in home at thiruvananthapuram, before death they send a note in the family group