തിരുവനന്തപുരം: ട്വന്റി 20 എന്ഡിഎ സഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ പ്രതികരണവുമായി സാബു എം ജേക്കബ്. എല്ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ച് നാട് നശിപ്പിക്കുന്നത് കണ്ട് മനം മടുത്താണ് താന് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും വികസിത കേരളത്തിനായാണ് താന് എന്ഡിഎ സഖ്യത്തിനൊപ്പം ചേര്ന്നതെന്നും സാബു ജേക്കബ് പറഞ്ഞു. ട്വന്റി 20 ഏറെ ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും 14 വര്ഷക്കാലമായി കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി മാതൃകാപരമായ കാര്യങ്ങള് നടപ്പിലാക്കുന്നവരാണ് തങ്ങളെന്നും സാബു ജേക്കബ് പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമൊത്തുളള സംയുക്ത വാര്ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കേരളത്തെ മാറ്റിയെടുക്കാനുളള ശ്രമം ഒറ്റയ്ക്ക് നിന്നാല് എത്രത്തോളം പ്രായോഗികമായി നടപ്പാകുമെന്നതില് ആശങ്കയുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില് ട്വന്റി 20യെ ഭൂമിയില് നിന്ന് ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ഡിഎഫും യുഡിഎഫും വെല്ഫെയര് പാര്ട്ടിയുമുള്പ്പെടെ 25 രാഷ്ട്രീയ പാര്ട്ടികള് ഒന്നിച്ചുനിന്ന് ജനകീയ മുന്നണി എന്ന സഖ്യമുണ്ടാക്കി സ്ഥാനാര്ത്ഥിയെ നിര്ത്തിയാണ് ഞങ്ങളെ നേരിട്ടത്. ഈ പ്രസ്ഥാനം എത്രത്തോളം സാധാരണക്കാരുടെ മനസില് എത്തിച്ചേര്ന്നു എന്നതിന്റെ തെളിവാണത്. കേരള ചരിത്രത്തില് ആദ്യമായി എല്ഡിഎഫും യുഡിഎഫും സ്വന്തം ചിഹ്നത്തില് മത്സരിക്കാതിരുന്നത് ട്വന്റി 20 മത്സരത്തിനുണ്ടായിരുന്ന മണ്ഡലങ്ങളിലാണ്. ഞങ്ങളെ ഇല്ലാതാക്കാന് ശ്രമിച്ചിട്ടും ഞങ്ങള്ക്ക് 2 പുതിയ പഞ്ചായത്തുകളില് ഭരണം പിടിക്കാനും 2 പഞ്ചായത്തുകളില് ഭരണം നിലനിര്ത്താനും കഴിഞ്ഞു. തകര്ക്കാന് പറ്റാത്ത രാഷ്ട്രീയ പാര്ട്ടിയായി ട്വന്റി 20 മാറി. ഇതോടെയാണ് മാറി ചിന്തിക്കാന് തീരുമാനിച്ചത്. എന്ഡിഎയ്ക്കൊപ്പം അവരുടെ വികസന കാഴ്ച്ചപ്പാടിനൊപ്പം കേരളത്തെ മാറ്റിയെടുക്കാനുളള ദൗത്യം ഏറ്റെടുക്കുകയാണ്. വികസിത കേരളമാണ് ലക്ഷ്യം'സാബു ജേക്കബ് പറഞ്ഞു.
നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില് ട്വന്റി 20 ഔദ്യോഗികമായി എന്ഡിഎ സഖ്യത്തിന്റെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് പറഞ്ഞു. 'ഇന്ന് ഞങ്ങള്ക്ക് ഏറെ സന്തോഷകരമായ ദിവസമാണ്. എന്ഡിഎയുടെ ഭാഗമായി ട്വന്റി 20 ജോയിന് ചെയ്യുന്നു. നാളെ ഔദ്യോഗികമായി ട്വന്റി 20 എന്ഡിഎയുടെ ഭാഗമാകും. എന്ഡിഎ മുന്നോട്ടുവയ്ക്കുന്നത് വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം എന്ന ആശയമാണ്. ഇത് നാടിന്റെ രാഷ്ട്രീയ സംസ്കാരത്തില് മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് നേരത്തെ പറഞ്ഞതാണ്. വിവാദങ്ങളുടെ രാഷ്ട്രീയ സംസ്കാരം നാടിനെ ബാധിക്കുന്നു. ആ മാറ്റം കൊണ്ടുവരാന് എന്ഡിഎ എന്ന മുന്നണി മാത്രമേയുളളുവെന്ന് ജനങ്ങള് മനസിലാക്കി. ട്വന്റി 20 2016 മുതല് ജനങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനുളള വികസനങ്ങള് പ്രാക്ടീസ് ചെയ്യുന്ന പാര്ട്ടിയാണ്. സാബു ജേക്കബിനെ കേരളത്തില് നിന്ന് പുറത്താക്കിയതാണ്. അദ്ദേഹം തെലങ്കാനയില് പോയി നിരവധി തൊഴിലവസരങ്ങള് സൃഷ്ടിച്ചു. മലയാളികളുടെ ആവശ്യമാണ് അദ്ദേഹത്തിന്റെ ജോബ് ക്രിയേഷന് ട്രാക്ക് റെക്കോര്ഡ് ഇവിടെ തുടരണം എന്നത്. അത് നാടിന്റെ ആവശ്യമാണ്. ഈ തെരഞ്ഞെടുപ്പില് വലിയ രാഷ്ട്രീയമാറ്റങ്ങളുണ്ടാകുമെന്ന് ഞാന് പറഞ്ഞിരുന്നു. എത്രയോ തവണ എല്ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച വിവാദ രാഷ്ട്രീയം നാം കണ്ടതാണ്. അവരുടെ സാമ്പത്തിക നയങ്ങള് പരാജയമായിരുന്നു. പത്ത് കൊല്ലം ഭരിച്ച് എല്ഡിഎഫ് നാടിനെ മുടിപ്പിച്ചു. അതിനുമുന്പ് യുഡിഎഫിനെ എന്തിനാണ് ജനം ഒഴിവാക്കിയതെന്ന് ആരും മറന്നിട്ടില്ല. അഴിമതിയും അനാസ്ഥയും കഴിവില്ലായ്മയും ജനങ്ങള് മനസിലാക്കി പുറത്താക്കി. വരുന്ന തെരഞ്ഞെടുപ്പില് എന്ഡിഎയ്ക്ക് ജനം വലിയ പിന്തുണ തരുമെന്നാണ് വിശ്വാസം. അതിനായി ഞങ്ങള് ഒന്നിച്ച് പ്രവര്ത്തിക്കും' രാജീവ് ചന്ദ്രശേഖര് കൂട്ടിച്ചേര്ത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് അടിപതറിയിരുന്നു. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ട്വന്റി20 നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഭരിച്ചിരുന്ന നാല് പഞ്ചായത്തുകളിൽ ഐക്കരനാടും കിഴക്കമ്പലവും മാത്രമാണ് ഇക്കുറി ഒപ്പം നിന്നത്. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി20 നേരിട്ടത് കനത്ത പരാജയമാണ്. ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്ത് ആയ വടവുകോടും ട്വന്റി20ക്ക് ഇത്തവണ നഷ്ടപ്പെട്ടിരുന്നു. അതിന് ശേഷമാണ് ട്വന്റി 20യുടെ നിര്ണായ തീരുമാനം.
Content Highlights: LDF and UDF have ruined Kerala; Twenty 20 Joined NDA to bring about change - Sabu Jacob