ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന്‍ എന്ന ആനയായിരുന്നു ഇടഞ്ഞത്

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി തിരുനായത്തോട് ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലുവ ചൊവ്വര സ്വദേശി സൂരജാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്നാണ് സൂരജിനെ ചവിട്ടിയത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന്‍ എന്ന ആനയായിരുന്നു ഇടഞ്ഞത്. ആനപ്പുറത്തുണ്ടായ മൂന്ന് പേരില്‍ ഒരാള്‍ താഴെ വീണു. ആന വിരണ്ടതോടെ മറ്റൊരു ആന കൂടി ഓടി. ഇതുകണ്ട് പരിഭ്രാന്തരായ ആളുകള്‍ ചിറിയോടുകയായിരുന്നു.

ഈ ഓട്ടത്തിനിടയിലാണ് പലര്‍ക്കും പരിക്കേറ്റത്. എന്നാല്‍ ആനകളുടെ മുന്‍ഭാഗത്ത് നിന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന സൂരജിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: A man who sustained serious injuries in an elephant attack at Angamali has died while undergoing treatment

To advertise here,contact us