'Love You to the moon and Back'; കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ വിധി പറയവെ വരികൾ ഉദ്ധരിച്ച് കോടതി

കോടതി വിധി പ്രസ്താവം ആരംഭിച്ചത് മധുസൂദനൻ നായരുടെ നാറാണത്ത് ഭ്രാന്തനിലെ വരികൾ പരാമർശിച്ച്

കണ്ണൂർ: തയ്യിലിൽ ഒന്നരവയസുകാരനെ അമ്മ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ വിധി പ്രസ്താവിക്കവെ 'Love You to the moon and Back ' എന്ന പ്രശസ്തമായ വരികൾ ഉദ്ധരിച്ച് കോടതി. കേസിൽ അമ്മയായ ശരണ്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നു. ഈ വിധി പ്രസ്താവത്തിനിടെയാണ് വരികൾ കോടതി ഉദ്ധരിച്ചത്. കുഞ്ഞുങ്ങളോടുള്ള അമ്മമാരുടെ സ്‌നേഹം അനന്തമാണെന്നും നിർഭാഗ്യവശാൽ ഇവിടെ സ്വന്തം അമ്മ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നുവെന്നും കോടതി പറഞ്ഞു.

സാം മക്ബ്രറ്റ്‌നിയെന്ന ബ്രിട്ടീഷ് എഴുത്തുകാരൻ 1994ൽ എഴുതിയ 'ഗസ് ഹൗമച്ച് ഐ ലവ് യൂ' എന്ന പുസ്തകത്തിലെ കുഞ്ഞും രക്ഷിതാവും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന ഏറ്റവും പ്രശസ്തമായ വാചകമാണിത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിന് പിന്നാലെ ഈ വരികൾ കേരളത്തിലും വലിയ ചർച്ചയായിരുന്നു. നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമായി കുഞ്ഞിനെ നഷ്ടമായതിലെ തന്റെ ദുഃഖം വിവരിച്ചുകൊണ്ട് അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഈവരികളും ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിൽ അതിജീവിതക്ക് ഐക്യർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഈ വാചകം എഴുതിയ കപ്പുമായി പ്രത്യക്ഷപ്പെട്ടതും സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതേ വാചകം ആവർത്തിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം ശരണ്യയുടെ കേസിൽ കോടതി വിധിപ്രസ്താവം ആരംഭിച്ചത് മധുസൂദനൻ നായരുടെ നാറാണത്ത് ഭ്രാന്തനിലെ വരികൾ പരാമർശിച്ചാണ്. 'ഓരോ ശിശു രോദനത്തിലും കേൾപ്പൂ ഞാൻ ഒരു കോടി ഈശ്വരവിലാപം' എന്ന വരികളാണ് കോടതി പരാമർശിച്ചത്. കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടൽത്തീരത്തെ ഭിത്തിയിൽ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ശേഷം കൊലപാതകക്കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടി വെക്കാനായിരുന്നു ശരണ്യയുടെ പദ്ധതിയെന്നുമായിരുന്നു കണ്ടെത്തൽ.

2020 ഫെബ്രുവരി 17-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭർത്താവിനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. ഉടനെ കുഞ്ഞും ഭർത്താവും ഉണർന്നു. ആസൂത്രണം പാളാതിരിക്കാൻ പാൽ കൊടുക്കാനെന്ന വ്യാജേന ശരണ്യ കസേരയിൽ കുറേനേരമിരുന്നു. ഭർത്താവ് ഉറങ്ങിയെന്ന് മനസിലാക്കി പിൻവാതിൽ തുറന്ന് കുട്ടിയുമായി ഇടുങ്ങിയ വഴിയിലൂടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കടൽത്തീരത്തേക്ക് നടന്നു. തുടർന്ന് കുട്ടിയെ കടലിലേക്കിട്ടു. കുഞ്ഞ് കരഞ്ഞതോടെ വീണ്ടും എടുത്തു. പിന്നീട് വീണ്ടും കുഞ്ഞിനെ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.

കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകൻ നിധിനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചത്. കേസിൽ പ്രതി ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധിച്ചിരിക്കുന്നത്. ശരണ്യയുടെ ആൺസുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ നിധിനെ വെറുതെവിട്ടിരുന്നു.

Content Highlights: kannur thayil baby death case; The court mentioned 'Love You to the moon and Back' lines

To advertise here,contact us