വര്ക്കല: കുന്നിടിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ജെസിബി ഓപ്പറേറ്റര് മരിച്ചു. കൊല്ലം കരീപ്ര വാക്കനാട് ഉളകോട് ഇന്ദിരാവിലാസത്തിൽ മുരളീധരൻപിള്ളയുടെയും സുഭദ്ര അമ്മയുടെയും മകൻ കണ്ണൻ എന്നു വിളിക്കുന്ന അനീഷ് കുമാർ (37) ആണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുന്നിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 40 അടിയോളം ഉയരമുള്ള ഭാഗത്തുനിന്ന് മണ്ണിടിഞ്ഞ് യന്ത്രത്തിനു മുകളിലേക്ക് വീണതാണ് അപകടകാരണം.
സമീപത്തുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തി. മുകളിലേക്കു വീണ മണ്ണ് നീക്കാനായെങ്കിലും അനീഷിനെ പുറത്തെടുക്കാനായില്ല. വർക്കലയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. യന്ത്രത്തിൽനിന്നു പുറത്തേക്കുവീണ നിലയിലായിരുന്നു അനീഷ്. പുറത്തെടുത്ത സമയത്ത് ബോധമുണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: JCB operator died in a tragic accident when a landslide occurred during excavation work in Kerala.