കോട്ടയം: മുന്നണി മാറ്റ ചര്ച്ച ആവശ്യമില്ലായിരുന്നുവെന്ന് കേരള കോണ്ഗ്രസ് എം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയില് വിമര്ശനം. കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് വിമര്ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് സമയം അത്തരം ചര്ച്ചകള് ശരിയായില്ലെന്നും ഇത് ക്ഷീണം ഉണ്ടാക്കും എന്നും ചങ്ങനാശേരിയില് നിന്നുള്ള അംഗം വിമര്ശിച്ചു.
എന്നാല് വിമര്ശനത്തെ ജില്ലാ അധ്യക്ഷന് ലോപസ് മാത്യു തള്ളി. ചര്ച്ചകള് ഉണ്ടായിട്ടില്ലെന്നും എല്ലാം മാധ്യമ സൃഷ്ടികളാണെന്നുമായിരുന്നു ജില്ലാ അധ്യക്ഷന്റെ പരാമര്ശം. നേരത്തെ മുന്നണി വിടുന്നുവെന്ന നിലയില് പാര്ട്ടിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതില് വീഴ്ച സംഭവിച്ചുവെന്ന് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയില് വിമര്ശനം ഉയര്ന്നിരുന്നു.
പാര്ട്ടി ചെയര്മാന് ജോസ് കെ മാണിയെ വ്യക്തിഹത്യ ചെയ്യുന്ന നിലയില് വളഞ്ഞിട്ടാക്രമിച്ചപ്പോള് ഒരുമിച്ച് നിന്ന് പ്രതിരോധം തീര്ക്കാന് കഴിഞ്ഞില്ലെന്ന കടുത്ത വിമര്ശനവും സ്റ്റിയറിംഗ് കമ്മിറ്റിയില് ഉയര്ന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മാധ്യമങ്ങളിലൂടെ മാത്രമല്ല പല കോണുകളില് നിന്നും കേരള കോണ്ഗ്രസ് എം എല്ഡിഎഫ് വിടുന്നുവെന്ന പ്രചാരണം ഉയര്ന്നു. എന്നാല് ഒരുമിച്ച് നിന്ന് ഇതിനെ പ്രതിരോധിക്കാനായില്ലെന്ന ശക്തമായ ആരോപണങ്ങളും സ്റ്റിയറിംഗ് കമ്മിറ്റിയില് ഉയര്ന്നിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരള കോണ്ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്ന്നത്. കേരള കോണ്ഗ്രസ് എം ഇടതുമുന്നണി വിടുമെന്നും ജോസ് കെ മാണി ഇത് സംബന്ധിച്ച് കോണ്ഗ്രസ് നേതൃത്വവുമായി ചര്ച്ച നടത്തിയെന്നുമുള്ള അഭ്യൂഹങ്ങള്ക്കിടെയായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്ന്നത്. എന്നാല് യോഗത്തിന് മുമ്പ് തന്നെ മുന്നണി വിടില്ലെന്ന് ജോസ് കെ മാണി മാധ്യമങ്ങള്ക്ക് മുന്നില് വ്യക്തമാക്കിയിരുന്നു.
Content Highlights: crititcism in Kerala Congress M district committee about alliance change news