തിരുവനന്തപുരം: ഗൃഹസന്ദര്ശനത്തിനിടെ പാത്രം കഴുകിയ സിപിഐഎം ജനറല് സെക്രട്ടറി എം എ ബേബിക്ക് പിന്തുണയുമായി മുതിര്ന്ന കോണ്ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. എം എ ബേബിയുടെ ചില ശീലങ്ങള് മാതൃകാപരമാണെന്ന് ചെറിയാന് ഫിലിപ്പ് ഫേസ്ബുക്കില് കുറിച്ചു. എം എ ബേബിയുടെ കാലഹരണപ്പെട്ട സൈദ്ധാന്തിക പിടിവാശികളോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ ചില ശീലങ്ങള് മാതൃകാപരമാണെന്നായിരുന്നു ചെറിയാന് ഫിലിപ്പ് അഭിപ്രായപ്പെട്ടത്.
'വീട്ടിലായാലും പാര്ട്ടി ഓഫീസിലായാലും ബേബി ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വെയ്ക്കാറുണ്ട്. ബേബിയുടെ വീട്ടില് ഞാന് ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഭക്ഷണം വിളമ്പി തരുകയും എന്റെ പാത്രം കഴുകുകയും ചെയ്തിട്ടുണ്ട്. പാത്രത്തില് എടുക്കുന്ന ഭക്ഷ്യ വസ്തുക്കള് ഒന്നും ഉപേക്ഷിക്കുകയോ പാഴാക്കുകയോ ചെയ്യാറില്ല. സദ്യയ്ക്ക് പോയാല് ഇലയിലെ ഭക്ഷണം വടിച്ചെടുക്കുകയും വിരലുകള് നക്കി തുടയ്ക്കുകയും ചെയ്യുന്നത് ഞാന് കൗതുകപൂര്വ്വം നോക്കിയിട്ടുണ്ട്', ചെറിയാന് ഫിലിപ്പ് പറഞ്ഞു.
എം എ ബേബിയുടെ പേരിന്റെ ഇനീഷ്യലില് അമ്മ മറിയത്തിന്റെ പേരു കൂടിയുണ്ട്. മകന് അശോകിന്റെ പേരിനൊപ്പം ഭാര്യ ബെറ്റിയുടെ പേരും ചേര്ത്തിട്ടുണ്ട്. പുരുഷാധിപത്യസമൂഹത്തില് മാതൃത്വത്തിന് നല്കുന്ന വലിയ അംഗീകാരമാണിത്. ബേബിയുടെ മകന് അശോകിന്റെ വിവാഹത്തിന് വരണമാല്യം എടുത്തു കൊടുത്തത് ഗായകന് കെ ജെ യേശുദാസാണ്. പിതാവിന്റെ കര്മ്മം യേശുദാസിനെ ഏല്പ്പിച്ചത് ശരിയായില്ലെന്ന് അന്ന് തന്നെ താന് ഫേസ്ബുക്കില് വിമര്ശിച്ചിരുന്നുവെന്നും ചെറിയാന് ഫിലിപ്പ് പങ്കുവെച്ചു.
സിപിഐഎമ്മിന്റെ ഗൃഹസന്ദര്ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെക്കുന്ന എം എ ബേബിയുടെ ചിത്രത്തെ പരിഹസിച്ച് സോഷ്യല് മീഡിയയില് ട്രോളുകളുണ്ടായിരുന്നു. എന്നാല് പിന്നാലെ എം എ ബേബിക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തുകയായിരുന്നു. ഒന്നാം ക്ലാസിലെ പാഠപുസ്തകം പങ്കുവെച്ചാണ് എം എ ബേബിക്ക് പിന്തുണയുമായി പലരും രംഗത്തെത്തിയത്. 'അച്ഛന് മുറ്റമടിച്ചാലും അമ്മ മുറ്റമടിച്ചാലും ഏട്ടന് മുറ്റമടിച്ചാലും ചൂല് പിണങ്ങില്ലാ' എന്ന പാഠഭാഗമാണ് പലരും പങ്കുവെക്കുന്നത്.
Content Highlights: Senior leader Cherian Philip has expressed solidarity with CPI(M) leader M A Baby following a cyber attack against him