കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണ കോടതിക്കെതിരെ പരാമർശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജിനെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസ്. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ് കോടതിമുറിയിലേക്ക് വന്നപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു എന്നായിരുന്നു പരാമർശം.
നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിനാണ് കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവർ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചിരുന്നു. ഇവർക്ക് 20 വർഷം കഠിനതടവും പിഴയും കോടതി വിധിച്ചിരുന്നു. എന്നാൽ കേസിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിചാരണകോടതിയുടെ നടപടികളിൽ അതിജീവിതയും രൂക്ഷ വിമർശനം ഉന്നയിച്ചരുന്നു. അതിജീവിതയുടെ അഭിഭാഷകയെ വിചാരണ കോടതി ജഡ്ജി വിമർശിച്ചതും ഏറെ വിവാദമായിരുന്നു.
Content Highlights: case has been registered against Charles George for making remarks against the trial court that delivered the verdict on actress attack case