നടൻ കൃഷ്ണപ്രസാദും സുഹൃത്തും മർദ്ദിച്ചെന്ന് ഡോക്ടർ: ആരോപണം സ്ഥാനാർത്ഥിത്വ അഭ്യൂഹം കാരണമെന്ന് നടൻ

സിനിമാതാരം കൃഷ്‌ണപ്രസാദ് മർദിച്ചെന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ

കോട്ടയം: സിനിമാതാരം കൃഷ്‌ണപ്രസാദ് മർദ്ദിച്ചെന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ ബി ശ്രീകുമാറാണ് (67) കൃഷ്‌ണപ്രസാദും സഹായി കൃഷ്ണ‌കുമാറും ചേർന്നു തന്നെ മർദിച്ചെന്നു ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്.

കോട്ടയം നഗരത്തിൽ താമസിക്കുന്ന ഡോക്‌ടർ ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിലെത്തിയപ്പോഴാണ് സംഭവമെന്നു പരാതിയിൽ പറയുന്നു. അവിടെ ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്‌ണപ്രസാദ് തടയുകയും കല്ലുകെട്ടിയാൽ പൊളിക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. ഇതിനു പിന്നാലെ ഡോക്‌ടർ സ്‌ഥലത്തെത്തിയപ്പോൾ കല്ലിട്ട സ്‌ഥലത്ത് വില്ലേജ് ഓഫിസറുമായി കൃഷ്ണപ്രസാദും എത്തി. അതു മൊബൈലിൽ പകർത്തുന്നതിനിടെയാണ് മർദനമേറ്റതെന്നാണ് പരാതി. ഡോക്ട‌ർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

അതേസമയം ഡോക്ടറുടെ പരാതി വ്യാജമാണെന്ന് കൃഷ്ണപ്രസാദ് ആരോപിച്ചു. വയൽനികത്തിയ സ്ഥലത്താണ് ഡോക്ടർ നിർമാണ പ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോടു ചേർന്ന് വെള്ളമൊഴുകുന്ന ഓട നികത്താൻ ശ്രമിച്ചപ്പോൾ ചോദ്യംചെയ്തതാണെന്നും നടൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന അഭ്യൂഹമുള്ളതിനാല്‍ തനിക്കെതിരെ ആരോപണം നടത്തുന്നതാണെന്നും പറഞ്ഞു.

Content Highlights: A doctor alleged that actor Krishna Prasad and his friend assaulted him. Krishna Prasad denied the accusation, stating that the claim is connected to rumours about his possible candidacy, triggering public discussion over the incident.

To advertise here,contact us