'സജി ചെറിയാനെ ചങ്ങലയ്ക്കിടണം, രാജിവെച്ച് പുറത്ത് പോകണം'; ചെങ്ങന്നൂരില്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ പ്രതിഷേധം

സജി ചെറിയാന് ആളുകളെ എല്ലാം ഒന്നായി കാണാനുള്ള മനസ്സില്ലെന്നും ചെങ്ങന്നൂരിന് അപമാനമാണെന്നും ഒ ജെ ജനീഷ്

പത്തനംതിട്ട: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിന് അടുത്താണ് പ്രതിഷേധം. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ഭരണഘടനയോട് മന്ത്രി നീതിപുലര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് പറഞ്ഞു. ആദ്യഘട്ടത്തില്‍ മന്ത്രി സജി ചെറിയാന് ചികിത്സ കൊടുത്താല്‍ മതിയായിരുന്നുവെന്നും ഇപ്പോള്‍ ചങ്ങളയ്ക്ക് ഇടണമെന്നും ജനീഷ് പറഞ്ഞു.

'മന്ത്രി സജി ചെറിയാന്‍ മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല. രാജിവച്ച് പുറത്തു പോകണം. മലബാറില്‍ നിന്നല്ലേ ഇഎംഎസ് കടന്നുവന്നത്. സജി ചെറിയാന്റെ പ്രസ്താവന പാലോളി മുഹമ്മദ് കുട്ടി അംഗീകരിക്കുന്നുണ്ടോ. സജി ചെറിയാന് ആളുകളെ എല്ലാം ഒന്നായി കാണാനുള്ള മനസ്സില്ല. മന്ത്രി സജി ചെറിയാന്‍ ചെങ്ങന്നൂരിന് അപമാനമാണ്. മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടും', ജനീഷ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സിപിഐഎമ്മിന് വലിയ പരാജയമാണ് ഉണ്ടായത്. തൂത്തെറിയുന്ന ജനത്തെ സിപിഐഎം വര്‍ഗീയമായി ചിത്രീകരിക്കുന്നു. സിപിഐഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. കമ്മ്യൂണിസ്റ്റ് പരിവാര്‍ സംഘത്തെ ജനം ചെറുത്തു തോല്‍പ്പിക്കുമെന്നും ജനീഷ് പറഞ്ഞു.

അതേസമയം വിവാദ പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെ സജി ചെറിയാന്‍ വ്യക്തമാക്കി. താന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയില്‍ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നതായി സജി ചെറിയാന്‍ പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇന്നുവരെ സ്വീകരിച്ചതും പുലര്‍ത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍. മതചിന്തകള്‍ക്ക് അതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തന്റെ പൊതു ജീവിതത്തെ വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

'എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസിലാക്കുന്നു. ഞാന്‍ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചുവെന്നതും വേദനിപ്പിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്താവന പിന്‍വലിക്കുന്നു' എന്നാണ് കുറിപ്പില്‍ സജി ചെറിയാന്‍ പറയുന്നത്.

മലപ്പുറത്തെയും കാസര്‍കോടിലെയും ജയിക്കുന്നവരെ ഉദ്ധരിച്ചുള്ള സജി ചെറിയാന്റെ വാക്കുകളാണ് വലിയ വിവാദത്തിന് ഇടയാക്കിയത്. 'നിങ്ങള്‍ കാസര്‍കോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാല്‍ മതി. ആര്‍ക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തില്‍ അല്ലാത്തവര്‍ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ', എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.

Content Highlights: The Youth Congress organised a protest against minister Saji Cherian, raising objections to his recent statement

To advertise here,contact us