ആരുമായും ചര്‍ച്ച നടത്തും, ജമാഅത്തെ ഇസ്‌ലാമി എന്താ മനുഷ്യരല്ലേ?: വെള്ളാപ്പള്ളി നടേശന്‍

'സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റായി പോയി. ഞാനാണെങ്കില്‍ ഖേദം പ്രകടിപ്പിക്കില്ല'

ആലപ്പുഴ: ജമാഅത്തെ ഇസ്‌ലാമിയുമായും ചര്‍ച്ച നടത്തുമോയെന്ന ചോദ്യത്തോട് ആരുമായും ചര്‍ച്ച നടത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'ജമാഅത്തെ ഇസ്‌ലാമി എന്താ മനുഷ്യരല്ലേ. ലീഗിനും നല്ല മനസ്സ് തോന്നി ഞങ്ങളോട് സഹകരിക്കാന്‍ തയ്യാറായാല്‍ അവരോടും സഹകരിക്കും. എന്തിനാണ് വിരോധം? തെറ്റ് തിരുത്തട്ടെ', എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം പ്രഖ്യാപിച്ച് വാർത്താ സമ്മേളളനത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്നും ഉള്ള സത്യം പറഞ്ഞാല്‍ എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

'സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റായി പോയി. ഞാനാണെങ്കില്‍ ഖേദം പ്രകടിപ്പിക്കില്ല. രാഷ്ട്രീയക്കാരനായതുകൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. സത്യം പറഞ്ഞിട്ട് എന്തിനാണ് ഖേദം. സത്യം പറഞ്ഞ സജി ചെറിയാന്റെ നിലപാട് കറക്ട് ആണ്', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

'മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതാണല്ലോ വലിയ കുഴപ്പമെന്നാണല്ലോ പറഞ്ഞുവന്നത്. അതില്‍ ഒരു തെറ്റുമില്ലെന്ന് പറഞ്ഞ് എനിക്കും സമുദായത്തിനും വലിയ ആത്മബലം സുകുമാരന്‍ നായര്‍ നല്‍കി. അത് നന്ദിപൂര്‍വം ഓര്‍ക്കുന്നു. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തുഷാര്‍ അവിടെ പോകും. ഒരു ഉപാധികളുമില്ലാതെയാണ് ഐക്യം. മറ്റ് മതത്തോടുള്ള വിദ്വേഷത്തിനല്ല, സാമൂഹികനീതിക്ക് വേണ്ടി, സമാനചിന്താഗതിക്കാരായ സമുദായ അംഗങ്ങളുമായി ഐക്യമുണ്ടാക്കുകയാണ്. അതില്‍ നായാടി മുതല്‍ നസ്രാണി വരെയുണ്ടാകും', എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Content Highlights: SNDP Yogam general secretary Vellappally Natesan has stated that he is open to holding discussions with anyone, including the Jamaat-e-Islami, rhetorically asking if they are not humans. This remark highlights his approach to political dialogue amid ongoing debates on communal issues in Kerala.

To advertise here,contact us