കോഴിക്കോട്: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. ഒഡീഷയിൽ പാസ്റ്റർ ആക്രമിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ബിജെപി സർക്കാരുകളുടെ മൗനമുദ്രിത സമ്മതപത്രവുമായി ആക്രമികൾ അഴിഞ്ഞാടുന്നുവെന്നും ആക്രമികൾ ഒഡീഷയിലെ ക്രൈസ്തവനെ ചാണകം തീറ്റിച്ചുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
'ചാണകം തീറ്റിക്കുന്നവർ കേരളത്തെ തിന്നരുത്' എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തിൽ കേന്ദത്തിനെതിരെ ഇന്ദ്രപ്രസ്ഥം അതിശൈത്യത്തിലെന്ന പരിഹാസവുമുണ്ട്. 'ബിജെപി സർക്കാരുകളുടെ മൗനമുദ്രിത സമ്മതപത്രവുമായി അഴിഞ്ഞാടുന്ന രാജ്യവിരുദ്ധർ ഒഡീഷയിലെ ഒരു ക്രൈസ്തവനെ ചാണകം തീറ്റിച്ച് ജയ് ശ്രീറാം വിളികളോടെ മടങ്ങിയിരിക്കുന്നു. പതിവുപോലെ ഇന്ദ്രപ്രസ്ഥം അതിശൈത്യത്തിലാണ്. ശിശിരത്തിന്റെയല്ല, വർഗീയ നിഷ്ക്രിയതയുടെ' എന്നാണ് പരാമർശം
24 മണിക്കൂർപോലും വേണ്ട ഭരണകർത്താക്കൾക്ക് ഈ വർഗീയവാദികളെ നിലയ്ക്കു നിർത്താൻ. പക്ഷേ, ചെയ്യില്ല. അതാണ് ധ്രുവീകരണ രാഷ്ട്രീയം. ഇതര മതസ്ഥരെ വിസർജ്യം തീറ്റിക്കുന്നതിനോളം അധഃപതിച്ചിരിക്കുന്ന ഈ വർഗീയ മഹാമാരി കേരളത്തെയും തിന്നരുത്. ജാഗ്രതയുണ്ടാകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
'ഒഡീഷയിലെ ധെൻകനാൽ ജില്ലയിലെ പാർജാംഗ് ഗ്രാമത്തിൽ കഴിഞ്ഞ നാലിന് നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്. വീട്ടിൽ പ്രാർഥനായോഗം നടക്കുന്നതിനിടെയാണ് മതപ രിവർത്തനം ആരോപിച്ച് പാസ്റ്റർ ബിപിൻ ബിഹാരി നായികിനെ അവർ ആക്രമിച്ചത്. ജയ് ശ്രീറാം വിളികളുമായി എത്തിയ നാൽപ്പതംഗ ബജ്റംഗ്ദള് സംഘമാണ് അതിക്രമം നടത്തിയതെന്നാണ് പാസ്റ്ററു ടെ ഭാര്യ വന്ദന പറഞ്ഞത്. അക്രമികൾ അദ്ദേഹത്തെയും ഗ്രാമത്തിൽ ആകെയുള്ള ഏഴു ക്രൈസ്തവ കുടുംബങ്ങളിലെ അംഗങ്ങളെയും തല്ലിച്ചതച്ചു. പാസ്റ്ററെ ക്രൂരമായി മർദിക്കുകയും ചെരുപ്പുമാല അണിയിച്ച് രണ്ടു മണിക്കൂറോളം നടത്തിക്കുകയും ചെയ്തു. ഭാര്യയും മക്കളും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അഭയം തേടി. കേണപേക്ഷിച്ചിട്ടും പൊലീസ് സഹായത്തിനു തയാറായത് രണ്ടു മണിക്കൂർ കഴിഞ്ഞാണ്. പൊലീസുമായി ഭാര്യ എത്തിയപ്പോൾ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ പാസ്റ്ററെ കൈകൾ പിന്നിൽ കെട്ടി ഇരുമ്പുകമ്പികൊണ്ട് ബന്ധിച്ചിരുന്നു. മുറിവുകളിൽനിന്നു രക്തം വാ ർന്നുകൊണ്ടിരിക്കെ അദ്ദേഹത്തെ ചാണകം തീറ്റിക്കുകയും മർദി ക്കുകയും ചെയ്തവർ 'ജയ് ശ്രീറാം' ഏറ്റുചൊല്ലാൻ നിർബന്ധിച്ചു കൊണ്ടിരുന്നു'വെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
ഏത് ഹിന്ദുത്വ സംഘടനയ്ക്കും ആൾക്കൂട്ട ആക്രമണത്തിന് ഉപയോഗിക്കാൻ ബിജെപി സർക്കാരുകളുടെ ആലയിൽനിന്ന് വിതരണം ചെയ്ത മതപരിവർത്തന നിരോധന നിയമമാണ് പാസ്റ്ററെ ചാണകം തീറ്റിക്കാൻ ബജ്റംഗ്ദള് എന്ന ന്യൂനപക്ഷവിരുദ്ധ പ്രസ്ഥാനത്തിന് ധൈര്യം പകർന്നത്. വർഗീയഭ്രാന്ത് മനുഷ്യരെ എത്ര വേഗമാണ് മനുഷ്യത്വമില്ലാത്തവരാക്കുന്നത്. ഒരു മുദ്രാവാക്യം കൊണ്ട് എത്ര ക്രൂരമായാണ് അത് അയൽക്കാരെയും അന്യരാക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Content Highlights: The editorial of deepika paper sharp criticism against the BJP